ധർണ കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുമട്ടുതൊഴിലാളികൾ ക്ഷേമനിധി ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. ചുമട്ടുതൊഴിലാളികളുടെ ആനുകൂല്യവിതരണത്തിലുള്ള കാലതാമസം ഒഴിവാക്കുക, തൊഴിൽസംരക്ഷണം ഉറപ്പുവരുത്തുക, ക്ഷേമനിധി ബോർഡ് ജീവനക്കാരുടെ അന്യായസ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, താത്കാലികജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ഉപേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഗോപി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ആർ. രവി, പി.ആർ. പ്രസാദ്, എം.എൻ. മുരളീധരൻ, എം.ആർ. കൃഷ്ണൻകുട്ടി, കെ.ഡി. ബെന്നി എന്നിവർ പ്രസംഗിച്ചു.