പാലാ ജനറല്‍ ആശുപത്രിയുടെ സ്ഥലം താലൂക്ക് സര്‍വേ ടീം അളന്നു തിട്ടപ്പെടുത്തുന്നു. പൊതു പ്രവര്‍ത്തകരും ആശുപത്രി വികസനസമിതി അംഗങ്ങളും സമീപം.
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയുടെ പ്രധാന ഗേറ്റ് മുതല്‍ റോഡിന്റെ ഒരു വശത്ത് അനധികൃത കൈയേറ്റങ്ങളെന്നും നിര്മാണങ്ങളെന്നുമുള്ള ആരോപണത്തെത്തുടര്‍ന്ന് ഭൂമി അളന്ന് അതിര്‍ത്തി തിട്ടപ്പെടുത്തി കല്ലുകള്‍ പാകി.
താലൂക്ക് സര്‍വേ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇന്നലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് ആശുപത്രിയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തിയത്. അനധികൃത കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, ആര്‍എംഒ ഡോ. രതീഷ്, നഗരസഭാ വൈസ് ചെയര്‍പേഴ്സൺ ബിജു മാത്യൂസ്, ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം പീറ്റര്‍ പന്തലാനി, ജോസുകുട്ടി പൂവേലില്‍, ബിജെപി നേതാക്കളായ സുമിത് ജോര്‍ജ്, മനോജ് മാഞ്ചേരില്‍, ജി. അനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
റോഡ് നവീകരണം നടത്തുന്നത് ഇപ്പോഴുള്ള കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാതെയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
കത്ത് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട്
ജനറല്‍ ആശുപത്രിയുടെ ഭൂമി കൈയേറിയതായി തെളിഞ്ഞിട്ടുണ്ടെന്നും ഭൂമി തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിക്കു കത്ത് നല്‍കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി അഭിലാഷ് പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷനോ അനുമതിയോ ഇല്ലാതെ ആശുപത്രി പരിസരത്ത് റോഡ് കൈയേറി സ്ഥാപിച്ചിരിക്കുന്ന കടകള്‍ നീക്കം ചെയ്യണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റിയില്‍ പരാതി ഉയര്‍ന്നിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് നഗരസഭാ സെക്രട്ടറിയാണ്.
Tags : NattuVishesham DistrictNews