എസ്. ശ്രീനന്ദയ്ക്ക് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉപഹാരം സമ്മാനിക്കുന്നു.
പത്തനംതിട്ട: ചെസ് രംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച എസ്. ശ്രീനന്ദയ്ക്ക് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉപഹാരം ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ സമ്മാനിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് ശ്രീനന്ദയെ ആദരിച്ചത്. ചെറുപ്രായത്തില്‍തന്നെ ചെസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ശ്രീനന്ദ പത്തനംതിട്ട ജില്ലാ സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 2025ലും 2026ലും തുടര്‍ച്ചയായി കിരീടം നേടിയിട്ടുണ്ട്. ഇതോടെ ജില്ലാ സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി കിരീടം നേടുന്ന ആദ്യപെണ്കുട്ടിയെന്ന നേട്ടവും ശ്രീനന്ദ സ്വന്തമാക്കി.
കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഈ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. മലേഷ്യയില്‍ നടക്കുന്ന വേള്‍ഡ് അമച്വര്‍ ചെസ് ചാന്പ്യന്ഷിപ്പില് പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ശ്രീനന്ദ. കേരള സ്റ്റേറ്റ് സബ് ജൂണിയര്‍ വിഭാഗത്തില്‍ വെള്ളിമെഡലും അണ്ടര്‍ 13 വിഭാഗത്തില്‍ ഫസ്റ്റ് റണ്ണറപ്പ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
വിവിധ ദേശീയതല മത്സരങ്ങളിലായി നൂറിലേറെ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുള്ള ശ്രീനന്ദയ്ക്ക് അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക യോഗ്യതയും ലഭിച്ചിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട ജില്ല അണ്ടര്‍ 13,15,17,19 വിഭാഗങ്ങളില്‍ ചാമ്പ്യനാണ്.ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദ പത്താം വയസിലാണ് ചെസ് പരിശീലനം ആരംഭിച്ചത്. പഠനത്തോടൊപ്പം ചെസിലും മികവ് പുലര്‍ത്തുന്ന ശ്രീനന്ദയുടെ നേട്ടങ്ങള്‍ മറ്റ് കുട്ടികള്‍ക്കും പ്രചോദനമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്. അജിത്കുമാര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറര്‍ ഇ.ജി. ദീപു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. ജയകൃഷ്ണന്, ടി. രാജേഷ്കുമാര്‍, സുമാ നരേന്ദ്ര, ശ്രീനന്ദയുടെ മാതാപിതാക്കളായ എസ്. ശ്രീലാല്‍, ആര്. വീണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.