അടിമാലി: ആനച്ചാലിലെ സ്വകാര്യ കന്പനിയുടെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്ന ഭൂമി ഭൂരിഭാഗവും സർക്കാർ പുറമ്പോക്കെന്ന് താലൂക്ക് സർവേയറുടെ റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കഴിഞ്ഞദിവസം സമർപ്പിച്ചതായാണ് സൂചന.
ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശനഭാഗം മാത്രമാണ് പട്ടയഭൂമിയിലുള്ളതെന്നും തൂണുകൾ ഉൾപ്പെടെയുള്ള ബാക്കി ഭാഗങ്ങൾ സ്ഥിതിചെയ്യുന്നതു സർക്കാർ പുറമ്പോക്ക് ഭൂമിയിലാണെന്നുമാണ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ഇതോടെ ഗ്ലാസ് ബ്രിഡ്ജിന് പ്രവർത്തനാനുമതി നൽകുന്നതു കൂടുതൽ പ്രതിസന്ധിയിലായി.
കഴിഞ്ഞ ഏപ്രിൽ 19നാണ് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് അനുമതി നൽകുന്ന കാര്യത്തിൽ ജില്ലാ കളക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന യോഗത്തിൽ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തന തടസം സംബന്ധിച്ച് ജില്ലാ കളക്ടർ വിശദീകരിച്ചിരുന്നു.
നിർമാണം നിർത്തിവയ്ക്കാനാവശ്യപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾ നിർമാണവേളയിൽ ത്തന്നെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ച് ബലമായി നിർമാണം പൂർത്തീകരിക്കുകയായിരുന്നുവെന്നും പിന്നീട് പ്രശ്നമായപ്പോഴാണ് അനുമതി തേടി വന്നതെന്നും ജില്ലാ കളക്ടർ മന്ത്രിയോട് വിശദീകരിച്ചു.
Tags : nattu vishesham Glass Bridge Anachal