കോട്ടയം: മലയോര ഗ്രാമങ്ങളില് റബർത്തോട്ടത്തിലെ സ്വര്ണത്തിന്റെ വിപണിക്കാലം. റബര് കൃഷിയുടെ ഭാഗമായ തോട്ടപ്പയറില്നിന്നും വിത്തുകളുടെ ശേഖരണവും വിപണിയും സജീവമായി.
ജില്ലയുടെ കിഴക്കന് മേഖലയായ മേലുകാവ് മലനിരകള്, ഇടമറുക്, പൂഞ്ഞാര്, മൂന്നിലവ്, തീക്കോയി തുടങ്ങി വിവിധ പഞ്ചായത്തുകളിലാണ് തോട്ടപ്പയര് വിപണി സജീവമായത്.
കിലോയ്ക്ക് 1200 -ൽ അധികം രൂപ വില ലഭിക്കുന്ന തോട്ടപ്പയര് ഈരാറ്റുപേട്ടയിലെയും കാഞ്ഞിരപ്പള്ളിയിലെയും മുണ്ടക്കയത്തെയും മലഞ്ചരക്കുകടകളിലാണ് കര്ഷകര് കൊടുക്കുന്നത്. റബര്ത്തോട്ടത്തില് വളക്കൂറ് വര്ധിപ്പിക്കുന്നതിനും വരള്ച്ച തടയുന്ന അടിക്കാടായും തോട്ടപ്പയർ ഉപയോഗിക്കുന്നു.
കൂടാതെ ഔഷധമൂല്യമുള്ളതിനാൽ മരുന്ന് നിര്മാണത്തിനും ഉപയോഗിക്കുന്നുണ്ട്. മണ്ണിലെ നൈട്രജന് പോഷകങ്ങളുടെ അളവ് വര്ധിപ്പിക്കുന്നതാണ് തോട്ടപ്പയര്. വേനല്ക്കാലത്തിനു മുന്നോടിയായി ഒരുമിച്ച് പുഷ്പിക്കുന്ന ഇവയുടെ പയര് മൂത്ത് പാകമാകും.
ഇവ ശേഖരിക്കുന്നത് അല്പം ദുഷ്കരമാണ്, എന്നാല് കഷ്ടപ്പെട്ടാല് നല്ല തുക വരുമാനമായും ലഭിക്കും. പറിച്ചെടുത്ത പയർ ഉണങ്ങാന് വച്ചാല് തനിയേ പൊട്ടി പരമ്പില് വിത്തുകള് ശേഖരിക്കപ്പെടും. ഈരാറ്റുപേട്ടയിലെയും കാഞ്ഞിരപ്പള്ളിയിലെയും മലഞ്ചരക്ക് സ്ഥാപനങ്ങളില്നിന്നു മലേഷ്യയിലേക്കാണു പ്രധാനമായും വിത്ത് കയറ്റി അയയ്ക്കുന്നത്.
ഔഷധ നിര്മാണത്തിനായിട്ടാണു പ്രധാനമായും ഉപയോഗിക്കുന്നത്. സ്തനാര്ബുദത്തിന് ഉപയോഗിക്കുന്ന ഔഷധമായ ഡൈഡസിന് ഇതില് അടങ്ങിയിട്ടുണ്ട്. ആര്ത്തവ വിരാമസംബന്ധമായ പ്രശ്നങ്ങള്ക്കുള്ള ഔഷധമായും അള്സര്, ത്വക്ക് രോഗം എന്നിവയ്ക്കുള്ള മരുന്ന് നിര്മാണത്തിനും ഇതുപയോഗിക്കുന്നുണ്ടെന്ന് പറയുന്നു.
വെയില് നല്ലതുപോലെ ലഭിക്കുന്ന ചൂടേറിയ ഫെബ്രുവരി, മാര്ച്ച് മാസങ്ങളാണ് ഇതിനു വിപണിസാധ്യതയുള്ളത്. വേനല് മഴ ലഭിച്ചുകഴിഞ്ഞാല് വിപണി മങ്ങും. റബര്ത്തോട്ടങ്ങള് കുറയുന്നതും പകരം പൈനാപ്പിള് കൃഷി വ്യാപകമാകുന്നതും തോട്ടപ്പയറിന്റെ ലഭ്യത കുറയ്ക്കുകയാണ്.
പരിപാലനം തീരെ കുറവുള്ളതും അന്താരാഷ്ട്ര തലത്തില് ഏറെ ആവശ്യവുമുള്ള തോട്ടപ്പയര് അല്പംകൂടി ശ്രദ്ധിച്ചാല് വര്ഷത്തില് നല്ല വരുമാനമാര്ഗമാണെന്ന് കര്ഷകരും വ്യാപാരികളും പറയുന്നു.