രാധാകൃഷ്ണപിള്ള
ചാരുംമൂട്: ചുനക്കര കോമല്ലൂരിലെ ശ്രീലകം ഫൈനാൻസിൽ സ്വർണം തിരിമറിനടത്തി രണ്ടു കോടിയോളം രൂപ തട്ടിയ കേസിലെ ഒന്നാംപ്രതിയും ഫൈനാൻസ് ഉടമയുമായ ഭരണിക്കാവ് മൂന്നാംകുറ്റി വലിയതറയിൽ രാധാകൃഷ്ണപിള്ള (50) കുറത്തികാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാളെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ആലപ്പുഴ ജില്ലാ കോടതി മുൻകൂർജാമ്യം അനുവദിക്കാഞ്ഞതിനാൽ ഇയാൾ കഴിഞ്ഞദിവസം കുറത്തികാട് പോലീസിൽ കീഴടങ്ങുകയായിരുന്നു. എസ്ഐ വി. ഉദയകുമാറാണ് അറസ്റ്റു രേഖപ്പെടുത്തിയത്. മൂന്നാംപ്രതിയും യുവമോർച്ച നേതാവുമായ രാഹുൽരാധാകൃഷ്ണൻ ഇപ്പോഴും ഒളിവിലാണ്. രണ്ടാം പ്രതിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ ചുനക്കര നടുവിലേമുറി മണക്കാട്ടുശേരിൽ വീട്ടിൽ ടിനു തമ്പാനെ (38) നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ ടിനുവിനെ കൂടുതൽ അന്വേഷണത്തിനായി കുറത്തികാട് പൊലിസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ചൊവ്വാഴ്ച തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ഥാപനത്തിൽ ആളുകൾ പണയം വച്ച സ്വർണാഭരണങ്ങൾ മൂവരും ചേർന്ന് തിരിമറി നടത്തി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പണയംവച്ച് വഞ്ചിതരായ കറ്റാനം സ്വദേശിനി സുമാ വിനോദ്, കരിമുളയ്ക്കൽ സ്വദേശിനി സുബീന, കോമല്ലൂർ സ്വദേശിനി സരസ്വതിയമ്മ എന്നിവരായിരുന്നു ആദ്യ പരാതിക്കാർ. പിന്നീട് ഒട്ടേറെപ്പേർ പരാതിയുമായി പൊലിസിനെ സമീപിച്ചു. മറ്റു ധനകാര്യസ്ഥാപനങ്ങളിൽ പണയംവച്ച സ്വർണ ഉരുപ്പടികൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് തങ്ങളുടെ സ്ഥാപനത്തിലേക്കു മാറ്റിവയ്പിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് ഇടപാടുകാർ പറയുന്നു.
വായ്പ തുക കൃത്യമായി അടച്ചവർക്കു പോലും സ്വർണം തിരികെ നൽകാതെ വന്നതോടെയാണ് തട്ടിപ്പു പുറത്തായത്.തട്ടിപ്പിനെത്തുടർന്ന് അടച്ചു പൂട്ടിയ ശ്രീലകം ഫൈനാൻസിന്റെ കോമല്ലൂർ, ഇല്ലത്തുമുക്ക് ശാഖകളിൽ പൊലിസ് പരിശോധന നടത്തിയിരുന്നു. സ്ഥാപനങ്ങൾ മുദ്ര വച്ചിരിക്കുകയാണ്.