കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയുടെയും എക്സിക്യൂട്ടീവ് യോഗം നെല്ലിക്കാംപൊയിൽ ഫാ. അഗസ്റ്റിൻ അറക്കൽ ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: കേരള സർക്കാർ മദ്യനയം രൂപീകരിക്കുന്നതിനു മുന്പ് പൊതുജനങ്ങളുടെ അഭിപ്രായം ആരായാൻ എടുത്ത തീരുമാനം ശ്ലാഘനീയമാണെന്ന് തലശേരി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മുക്തി ശ്രീയുടെയുടെയും എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മദ്യനയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണം, മുന്പുണ്ടായിരുന്ന ദൂരപരിധി നിയമം കർശനമായി പാലിക്കണം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് സർക്കാർ പുനഃപരിശോധിക്കണനമെന്നും മദ്യനിരോധനത്തിന്റെ ആദ്യ ചുവടുവയ്പായിരിക്കണം പൊതുജനങ്ങളോടുള്ള അഭിപ്രായ ശേഖരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ത്രിതല പഞ്ചായത്ത് ഭരണസമിതികൾ അവരുടെ പ്രവർത്തന ഫണ്ടിന്റെ നിശ്ചിതശതമാനം മദ്യനിരോധന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണമെന്നും, മദ്യവിമുക്തമായ ഗ്രാമപ്രദേശ ങ്ങൾക്കായി ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗാന്ധി ജയന്തി ദിനത്തിൽ പേരാവൂർ ടൗണിൽ മദ്യലഹരി വിപത്തുകൾക്കെതിരേ സായാഹ്ന ധർണ നടത്താനും യോഗം തീരുമാനിച്ചു. നെല്ലിക്കാംപൊയിൽ ഫൊറോന ഡയറക്ടർ ഫാ. അഗസ്റ്റിൻ അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു .
അതിരൂപത ഡയറക്ടർ ഫാ. ജെയ്സൺ കോലക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി. മുക്തിശ്രീ അതിരൂപത പ്രസിഡന്റ് ഷിനോ പാറക്കൽ, സോയി ജോസഫ്, ഷെൽസി കാവനാടി, സിസ്റ്റർ ജോസ് മരിയ സിഎംസി, ടി.ഡി. ദേവസ്യ, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, സെബാസ്റ്റ്യൻ ചെരുംപുഴ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, പുഷ്പ വെള്ളാപ്പാടത്ത്, ജോളി നടുതൊട്ടിയിൽ സിനി കൊച്ചുപുറത്താനത്ത് എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham liquor policy Anti-Liquor Committee