കിഴിവ് കൊള്ളയ്ക്കെതിരേ കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് റെജി ചെറിയാന് ഉദ്
എടത്വ: നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് റെജി ചെറിയാന് ആവശ്യപ്പെട്ടു. കിഴിവ് കൊള്ളയ്ക്കെതിരേ കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണത്തിലെ കിഴിവ് കൊള്ളമൂലം കുട്ടനാട്ടിലെ കര്‍ഷകര്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്.
വേനല്‍മഴ കൂടിയെത്തിയാല്‍ നെല്ല് പൂര്‍ണമായും നശിച്ച് പോകും. സംസ്ഥാന സര്‍ക്കാര്‍ പതിവുപോലെ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. മില്ലുടമകള്‍ രണ്ടു ശതമാനം മുതല്‍ 5 ശതമാനം വരെ കിഴിവിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഒരു ക്വിന്റല്‍ നെല്ലെടുത്താല്‍ രണ്ടു കിലോയുടെ പണം കുറച്ചുനല്കുന്ന കൊള്ളയാണിത്. കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തുന്ന ഈ നടപടിയില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നില്‍ക്കുകയാണ്. സര്‍ക്കാര്‍ ആരോടൊപ്പമാണ്. കിഴിവ് എന്ന പരിപാടി തന്നെ നിര്‍ത്തലാക്കണം.
കര്‍ഷകന്റെ അധ്വാനത്തിന്റെ വിലയാണ് മില്ലുടമകള്‍ ചൂഷണം ചെയ്യുന്നത്. ഉത്പാദനച്ചെലവ് വര്‍ധിക്കുമ്പോഴും നെല്ലിന്റെ വില മാത്രം കൂടുന്നില്ല. ഇത് പരിഹരിക്കാനും നെല്ലിന് ന്യായവില ഉറപ്പാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ വേണം. നെല്ലിന്റെ താങ്ങുവില ചുരുങ്ങിയത് 35 രൂപ ആക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില കുടിശിക എത്രയും വേഗം അനുവദിക്കണമെന്നും റെജി ചെറിയാന് ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ശക്തമായ സമരം വരും ദിവസങ്ങളില്‍ കുട്ടനാട്ടില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടു പോലും സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും റെജി ചെറിയാന് പറഞ്ഞു.
പ്രതിഷേധ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് ജേക്കബ് എബ്രഹാം, നിയോജകമണ്ഡലം പ്രസിഡന്റ്് ലൗലേഷ് വിജയന്, ഉന്നതാധികാര സമിതി അംഗങ്ങളായ ജോസ് കോയിപ്പള്ളി, സണ്ണി തോമസ്, സാബു തോട്ടുങ്കല്‍, റോയ് ഊരാംവേലി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോബിള്‍ പെരുമാൾ, സി.ടി. തോമസ്, ടെഡി ചേന്നങ്കര, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അരുണ്‍ ഫിലിപ്പ്, ജില്ലാ സെക്രട്ടറിമാരായ വേണുഗോപാൽ, ബൈജു ജോസ്, സിബിച്ചാന് കണ്ണോട്ട്തറ, സണ്ണി പാലച്ചിറ, സ്റ്റീഫന്‍ സി. ജോസഫ്, ബ്ലോക്ക് മെമ്പര്‍ ലിബിമോള്‍ വര്‍ഗീസ്, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് കുഞ്ഞ് എട്ടിൽ, ലാലിച്ചന്‍ മരിയാലയം, സണ്ണിച്ചന് കല്ങ്കല്ശേരിയിൽ, ബാബു സേവ്യര്‍, തോമസ് ജോസഫ്, ബിജു തകഴി, ബിജു ചെത്തിശേരി എന്നിവര്‍ പ്രസംഗിച്ചു.