കാസര്‍ഗോഡ്: കേരളത്തിന്റെ ഭാവി ഗതാഗത വികസനത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി അവതരിപ്പിക്കപ്പെടുന്ന ഗ്രീന്‍ റെയില്‍ കോറിഡോര്‍ പദ്ധതി തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം കാസര്‍ഗോഡ് ജില്ലയോടുള്ള കടുത്ത അവഗണനയാണെന്ന് കാസര്‍ഗോഡ് ചേംബര്‍ ഓഫ് കൊമേഴ്സ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് ജില്ല ഏകദേശം 13 ലക്ഷം ജനസംഖ്യയുള്ളതും സംസ്ഥാനത്തിന്റെ പ്രധാന പ്രവാസി, വ്യാപാര, വിനോദസഞ്ചാര, വിദ്യാഭ്യാസ മേഖലകളിലൊന്നുമായും ബന്ധപ്പെട്ടതുമാണ്. ദേശീയപാത വികസനം, തുറമുഖ-ലോജിസ്റ്റിക് സാധ്യതകള്‍, കര്‍ണാടകയുമായുള്ള വ്യാപാര ബന്ധം, വര്‍ധിച്ചുവരുന്ന റെയില്‍ യാത്രാ ആവശ്യകത എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ കാസര്‍ഗോഡിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് വികസന വിരുദ്ധ സമീപനമാണ്. വന്ദേഭാരത് എക്സ്പ്രസിന്റെ കാര്യത്തില്‍ കാസര്‍ഗോഡ് ജില്ലയുടെ പ്രാധാന്യം രാജ്യത്തെ റെയില്‍വേ കണക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്.
പദ്ധതിയുടെ ഏകദേശ ചെലവ് 60,000 കോടി രൂപയാണെന്നും അതില്‍ ഏകദേശം 40 ശതമാനം തുക ക്രൗഡ് ഫണ്ടിംഗിലൂടെയും പൊതുബോണ്ടുകളിലൂടെയും പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് നിര്‍ദേശിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍, നികുതി അടക്കുന്ന പൗരന്മാരുടെ പണവും പങ്കാളിത്തവും സ്വീകരിച്ചുകൊണ്ട് ഒരു ജില്ലയെ പദ്ധതിയുടെ പ്രയോജനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തിന്റെ വടക്കേ കവാടമായ കാസര്‍ഗോഡിനെ സംസ്ഥാന തലസ്ഥാനവുമായി അതിവേഗ റെയില്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നത് വികസനപരമായ ആവശ്യകത മാത്രമല്ല, ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും അന്തര്‍സംസ്ഥാന വ്യാപാരത്തിനും അനിവാര്യമാണ്. കര്‍ണാടകയിലേക്കും ദക്ഷിണേന്ത്യന്‍ സാമ്പത്തിക ഇടനാഴികളിലേക്കും കേരളത്തെ കൂടുതൽ ഫലപ്രദായി ബന്ധിപ്പിക്കാനുള്ള സാധ്യതയും ഇതിലൂടെ സൃഷ്ടിക്കപ്പെടും.
അതിനാല്‍ ഗ്രീന്‍ റെയില്‍ കോറിഡോര്‍ പദ്ധതി തിരുവനന്തപുരം-കണ്ണൂര്‍ എന്നതില്‍ നിന്ന് തിരുവനന്തപുരം-കാസര്‍ഗോഡ് എന്ന രീതിയില്‍ പുനഃക്രമീകരിക്കണമെന്ന് ഭാരവാഹികള്‍ സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടും ശക്തമായി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എ.കെ. ശ്യാംപ്രസാദ്, സെക്രട്ടറി പ്രസാദ് മണിയാണി, ട്രഷറര്‍ ജലീല്‍ കക്കണ്ടം, ഫാറൂഖ് കാസ്മി, മുജീബ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Tags :