പ്രതീകാത്മക ചിത്രം
കടയിലെത്തിയത് 90 തവണ
കണ്ണൂർ: ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തി കോസ്മെറ്റിക് സാധനങ്ങൾ മോഷ്ടിച്ച നാലംഗ വനിതാസംഘം പിടിയിൽ. മട്ടന്നൂർ സ്വദേശികളും ബന്ധുക്കളുമായ റൂബി (35),ആശ (54), ലക്ഷ്മിക്കുട്ടി (70), സുജ (42) എന്നിവരെയാണ് ടൗൺ എസ്ഐ ടി.എം. വിപിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
താഴെ ചൊവ്വയിലെ സെക്യൂറമാളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ മേയ് 31 മുതൽ ജൂൺ 27 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായി നിരവധി തവണ വിലകൂടിയ കോസ്മെറ്റിക് സാധനങ്ങളും മറ്റും മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു.
ഹൈപ്പർ മാർക്കറ്റിലെത്തുന്ന സംഘം കൈവശമുണ്ടായിരുന്ന സഞ്ചിയിലാണ് കവർന്ന സാധനങ്ങൾ കൊണ്ടുപോകാറുള്ളതെന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ട്രോളിയിൽ സഞ്ചിയുടെ മുകളിലായി മറ്റ് സാധനങ്ങൾ വച്ചശേഷം ഹൈപ്പർ മാർക്കറ്റിലെ കാഷ്യറെ കബളിപ്പിച്ച് സഞ്ചി അടുത്തുള്ള സ്ത്രീകൾക്ക് തന്ത്രപൂർവം കൈമാറിയാണ് മോഷണം തുടർന്നത്.
സിസിടിവി പരിശോധിച്ചപ്പോൾ ഏറ്റവും ഒടുവിൽ വന്ന മൂന്ന് തവണയും സംഘം മോഷണം നടത്തിയതായി കണ്ടെത്തിയിരുന്നു. സ്റ്റോക്കിൽ കുറവ് വന്നതിനെത്തുടർന്ന് സ്ഥാപന മേധാവികൾ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 90 തവണയോളം സംഘം സ്ഥാപനത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.