അരുവിത്തുറ: രാജ്യത്തിന്റെ വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ശക്തമായ ഒരു സമ്പദ്വ്യവസ്ഥയ്ക്ക് ജിഎസ്ടി കാരണമാകുമെന്ന് കേന്ദ്ര ധനകാര്യ റവന്യു ഡയറക്ടര്‍ ഡോ. മനു ജെ. വെട്ടിക്കന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ ആരംഭിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോളജിലെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റും ഐക്യുഎസിയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പുതുതലമുറ ജിഎസ്ടി പരിഷ്കാരങ്ങള്‍ ഇന്ത്യയിലെ കാര്‍ഷിക മേഖല, കാര്‍ഷിക മൂല്യശൃംഖലകള്‍, ഗ്രാമീണ ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയിലുണ്ടാകുന്ന സ്വാധീനം എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം.
കോളജ് മാനേജര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ് സന്ദേശം നല്കി. ന്യൂഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ പ്രഫ. സച്ചിദാനന്ദ മുഖര്‍ജി മുഖ്യപ്രഭാഷണവും ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഡോ. വിജയ് കുമാര്‍ പ്രത്യേക പ്രഭാഷണവും നടത്തി. ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുമേഷ് ജോര്‍ജ്, സെമിനാര്‍ കണ്‍വീനര്‍ ഡോ. മിഥുന് ജോണ്‍, കൊമേഴ്സ് വകുപ്പുമേധാവി ഷെറിന് എലിസബത്ത് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ഡയറക്ടര്‍ പ്രഫ. കെ.ജെ. ജോസഫ്, സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
സെമിനാറിന്റെ രണ്ടാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം നബാര്‍ഡ് ഡിജിഎം റെജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി സംവാദസദസ് നടത്തും.