കോഴിക്കോട്: ഓണം കളറാക്കാൻ വസ്ത്ര വിരുന്നൊരുക്കി കൈത്തറി മേള.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം കോമ്പൗണ്ടിൽ ആരംഭിച്ച കൈത്തറി ഉൽപന്ന വിപണനമേളയിൽ കുർത്തി, ഷർട്ട്, സാരി, മുണ്ട് തുടങ്ങിയ പലതരം ഫാഷൻ വസ്ത്രങ്ങളും ത്രീ ഫോർത്തുകൾ, വർണശബളമായ പ്രിന്റഡ് ബെഡ്ഷീറ്റുകൾ, ബാഗുകൾ, ലുങ്കികൾ, തോർത്തുകൾ, ടർക്കികൾ എന്നിവയും സ്റ്റാളിലെത്തിയാൽ വാങ്ങാം.
ഹാന്റ്തെക്സിന്റെയും ഹാൻവീവിന്റെയും കേരളത്തിലെ വിവിധ കൈത്തറി സംഘങ്ങളുടെയും കേരള ദിനേശ്, മിൽമ, കയർഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്ട്. സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ കൈത്തറി വികസന സമിതിയുമാണ് സംഘാടനം. കൈത്തറി മുണ്ടുകൾക്കും സാരികൾക്കും ബെഡ്ഷീറ്റുകൾക്കുമാണ് കൂടുതൽ ആവശ്യക്കാർ.
വിവിധ സ്റ്റാളുകളിലായി, 280 രൂപ മുതൽ സിംഗിൾ മുണ്ടുകളും 600 രൂപ മുതൽ സാരികളും 1000 രൂപമുതൽ ഡബിൾ മുണ്ടുകളും 630 മുതൽ ഷർട്ടുകളും മീറ്ററിന് 290 മുതൽ ഷർട്ട് പീസുകളും ലഭ്യമാണ്. 200 രൂപമുതലുള്ള ചവിട്ടികൾ, ത്രീ ഫോർത്തുകൾ, 160 രൂപ മുതലുള്ള തോർത്തുകൾ, 700 രൂപ മുതലുള്ള ചുരിദാർ ടോപ്പുകൾ എന്നിവയും മേളയിലുണ്ട്.
ഓണ പരിപാടികൾക്ക് ഡ്രസ് കോഡ് അന്വേഷിക്കുന്നവർക്കായി ഒരേ പാറ്റേണിലുള്ള കരകളുള്ള സാരികളും മുണ്ടുകളും ലഭിക്കും.ദിവസസേനയുള്ള നറുക്കെടുപ്പിലൂടെ 1000 രൂപ വിലയുള്ള കൈത്തറി വസ്ത്ര കിറ്റും സമാപന നറുക്കെടുപ്പിലൂടെ 5000 രൂപയുടെ കൈത്തറി വസ്ത്ര കിറ്റും സമ്മാനമായി ലഭിക്കും. 25 വരെയാണ് മേള.
Tags : nattu vishesham Handloom expo