എടക്കര: നിർമാണം പൂർത്തിയാക്കിയ തൂക്കുഫെൻസിംഗ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. നിരന്തരമുള്ള കാട്ടാനശല്യത്തിൽ വലഞ്ഞ് മൂത്തേടത്തെ കർഷകർ. വെള്ളിയാഴ്ച രാത്രി നെല്ലിക്കുത്തിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. നെല്ലിക്കുത്ത് പൂവുണ്ടക്കുന്നിലെ മേലേതിൽ അബ്ദുൾ കരീമിന്റെ തോട്ടത്തിൽ പ്രവേശിച്ച കാട്ടാനകൾ വൻ നാശം വരുത്തി. ആറ് വർഷം പ്രായമായ 15 റബർ മരങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചത്.
കരുളായി റേഞ്ചിലെ പടുക്ക വനത്തിൽനിന്നെത്തുന്ന കാട്ടാനകൾ റബർ മരങ്ങളുടെ തൊലി പൊളിച്ച് തിന്നുകയാണ് ചെയ്തിട്ടുള്ളത്. ഒരാഴ്ച മുന്പ് നിരവധിറബർ മരങ്ങളുടെ തൊലി കാട്ടാനകൾ തിന്നിരുന്നു. തൊലി പോയ മരങ്ങൾ പിന്നീട് ഉണങ്ങി നശിക്കുകയാണ് ചെയ്യുന്നത്. വന്യമൃഗശല്യം കാരണം കൃഷി നടത്താനാകാതെ കഷ്ടത്തിലായിരിക്കുകയാണ് മേഖലയിലെ കർഷകൻ.
ആറ് വർഷം മുന്പ് അബ്ദുൾ കരീമിന്റെ തോട്ടത്തിലെ 1300 തൈകളിൽ 140 എണ്ണം മാത്രം ബാക്കിവച്ച് എല്ലാതും കാട്ടാനയും കാട്ടുപന്നികളും മുള്ളൻപന്നികളും നശിപ്പിച്ചിരുന്നു. വനാതിർത്തിയിൽ നിർമിച്ച കിടങ്ങ് മണ്ണിടിഞ്ഞും മറ്റും നശിച്ചിരിക്കുകയാണ്.
ഇതേത്തുടർന്ന് സ്വകാര്യവ്യക്തികൾ സ്വന്തം നിലക്ക് കൃഷിയിടത്തിന് ചുറ്റും ഫെൻസിംഗും മതിലും നിർമിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇവയും കാട്ടാനയ്ക്ക് മുന്നിൽ ഫലം കണ്ടില്ല. ഒടുവിൽ വനാതിർത്തിയോട് ചേർന്നുള്ള റബർ, തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിമാറ്റി വനംവകുപ്പ് നിർമിക്കുന്ന തൂക്കുഫെൻസിംഗിന് സ്ഥലം വിട്ടുനൽകുകയും ചെയ്തു.
പൂളക്കപ്പാറ മുതൽ കൽക്കുളം തീക്കടി വരെയുള്ള വനാതിർത്തിയിൽ വനംവകുപ്പ് തൂക്ക് ഫെൻസിംഗ് നിർമാണം പൂർത്തിയാക്കിയിട്ടും ഇതുവരെ ചാർജ് ചെയ്തിട്ടില്ലെന്ന് കർഷകർ പറയുന്നു. തൂക്ക് ഫെൻസിംഗ് എത്രയും വേഗം ചാർജ് ചെയ്ത് വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.
Tags : nattu vishesham Hanging fence ready