വെച്ചൂർ അഞ്ചാം വാർഡിൽ പുത്തൻതറ സന്തോഷിന്റെ വീടിനു മുകളിൽ മരം കടപുഴകി വീണപ്പോൾ.
വെച്ചൂർ: ശക്തമായ കാറ്റിലും മഴയിലും വെച്ചൂരിൽ കനത്ത നാശം. നിരവധി വീടുകൾക്കും വൈദ്യുതി ലൈനിലുമായി മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് വീടുകൾക്കു നാശം സംഭവിച്ചു. ഉൾപ്രദേശങ്ങളിൽ ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വെച്ചൂർ അഞ്ചാം വാർഡിൽ കല്ലിത്തറ ശ്യാംലാലിന്റെ വീടിനു മീതെ മരം വീണ് ഷീറ്റുമേഞ്ഞ വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു.
പുത്തൻതറ സന്തോഷിന്റെ ഓടുമേഞ്ഞ വീടിനു മുകളിൽ വൻ മരം കടപുഴകി വീണ് വീടിനു ഭാഗീകമായി കേടുപാടു സംഭവിച്ചു. ശാസ്തക്കുളം ക്ഷേത്രത്തിനു മുന്നിൽനിന്ന കൂറ്റൻ ആൽമരം മറിഞ്ഞുവീണു. ദേവസ്വംകരി പാടശേഖരത്തിനു സമീപത്തു നിന്നിരുന്ന വൻ മരവും കാറ്റിൽ കടപുഴകി നിലംപൊത്തി.
കാറ്റിൽ മരങ്ങൾ വീണ് 15 വൈദ്യുത പോസ്റ്റുകൾ തകർന്നു. മരങ്ങൾ മുറിച്ചു നീക്കി അക്ഷീണം യത്നിച്ച് കെഎസ്ഇബി ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഊർജിതശ്രമം നടത്തിവരികയാണ്.
Tags : Local News Nattuvishesham Kottayam