ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരത്തിലെ വിജയികൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ, പ്രധാനാധ്യാപിക എം. മിനി എന്നിവരോടൊപ്പം.
ചേർത്തല: ചേർത്തല ഹോളിഫാമിലി സ്കൂളിൽ ഹൈസ്കൂൾ സ്ഥാപിതമായതിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. മിനി അധ്യക്ഷത വഹിച്ചു. സാജു തോമസ്, ദീപാ മേരി ജേക്കബ്, ചിഞ്ചു മരിയ ജോസ്, ജോർജ് പുളിക്കൻ, നീതാ ദേവസ്യ എന്നിവർ പ്രസംഗിച്ചു. ആധുനിക ലോകത്തിൽ സാങ്കേതിക വിദ്യ മനുഷ്യരെ കൂടുതൽ അടുപ്പിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഡിബേറ്റില്‍ ജോർജ് പുളിക്കൻ, മിനി പോൾ, എം.ടി. ഡൊമിനിക്, ജോമോൻ ജോയി എന്നിവരായിരുന്നു വിധികർത്താക്കൾ.
ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചുപ്രഭ, ഗായത്രി ടീം ഒന്നാം സ്ഥാനവും ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഐവിൻ ജോർജ് ബിവിൻ, അൻവിൻ സർജി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അൻവിൻ സെർജി മികച്ച ഡിബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മുട്ടം പള്ളി അസി. വികാരി ഫാ. ഡെന്നീസ് പുതുവ, ബിന്ദു ജോസഫ്, വി. ശ്രീഹരി, സിനി തോമസ്, എബിൻ അലോഷ്യസ്, സിമി ജേക്കബ്, ജീസൺ സണ്ണി എന്നിവർ നേതൃത്വം നൽകി.