എളങ്കൂര്‍ കുട്ടശേരി കാര്‍ഗിലിലെ ചെണ്ടുമല്ലി പാടം.
മഞ്ചേരി: ഒരേക്കര്‍ ഭൂമിയിലെ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൊയ്ത് വീട്ടമ്മമാര്‍. എളങ്കൂര്‍ കുട്ടശേരി കാര്‍ഗിലിലാണ് സരോജിനി ചന്ദ്രന്, നിഷ പ്രഭാകരന്, ദീപാ രാജന്, ഇ.പി. ഉമ്മുസല്‍മ എന്നീ കൂട്ടുകാരായ വീട്ടമ്മമാര്‍ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കണ്ടത്. അയല്‍ക്കൂട്ടത്തില്‍ നിന്ന് ലഭിച്ച വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. എന്നാല്‍ ഈ വിത്തുകള്‍ മതിയാകാതെ വന്നതോടെ പെണ് സംഘം ആയിരം തൈകള്‍ പുറത്തുനിന്ന് വാങ്ങുകയായിരുന്നു. കൃഷിക്ക് വേണ്ടി നിലമൊരുക്കാന്‍ ട്രാക്ടര്‍ പുറത്തുനിന്ന് വിളിച്ചതൊഴിച്ചാല്‍ ബാക്കി പണികളെല്ലാം ഒരുക്കിയത് നാല്‍വര്‍ സംഘം തന്നെ. ഇക്കഴിഞ്ഞ തിരുവോണത്തിന് വിളവെടുക്കാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പൂക്കള്‍ മുഴുവനും സമയത്ത് വിരിയാത്തതിനാല്‍ ആ പ്രതീക്ഷ അല്പം പാളി.
എങ്കിലും ഓണനാളുകളില്‍ ആറ് ക്വിന്റലോളം വില്പന നടത്താന്‍ ഇവര്‍ക്കായി. പരിസര പ്രദേശങ്ങളിലെ ഓണ ചന്തകളിലും പൂക്കളുടെ വില്പനശാലകളിലൂടെയും ഇവര്‍ വിപണനം നടത്തി. ഇതോടെ മുടക്കുമുതല്‍ തിരിച്ചു കിട്ടിയതായി ഇവര്‍ പറയുന്നു. ഓണം കഴിഞ്ഞ് വിരിഞ്ഞ പൂക്കള്‍ ഒരു മാസത്തോളം നിലനില്‍ക്കുമെന്നും ഈ കാലയളവില്‍ വില്പന നടത്താമെന്നും ഇവര്‍ കരുതുന്നു. ഇതിനിടെ ചെറിയ ഫീസില്‍ പുഷ്പ പ്രദര്‍ശനം നടത്തിയും ഫോട്ടോയെടുക്കാന്‍ അവസരം നല്‍കിയും വരുമാനമുണ്ടാക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാനും ഫോട്ടോ പകര്‍ത്താനുമായി നിരവധിയാളുകളാണ് ദിവസവും എത്തുന്നത്.