വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയകൃഷ്ണന്, കണ്ടക്ടര്‍ നാസര്‍ എന്നിവര്‍.
അഞ്ചല്‍ : ബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വീട്ടമ്മക്ക് കെഎസ്ആര്‍ടിസി ജീവനക്കാരും സഹയാത്രികരും രക്ഷകരായി. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നരയോടെ പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ 49 വയസുകാരിയായ തിരുവനന്തപുരം സ്വദേശിനി വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയും ചെയ്തു.
പുനലൂര്‍ അഞ്ചല്‍ പാതയിലെ കരവാളൂരില്‍ വച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ വച്ച് ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് പ്രഥമ ശുശ്രൂഷ നല്കി. കാര്യങ്ങള്‍ അപകടവസ്ഥയിലേക്ക് പോകുന്നതായി കണ്ടതോടെ സൂപ്പര്‍ ഫാസ്റ്റ് ബസ് അഞ്ചല്‍ സെന്റ് ജോസഫ് മിഷന് ആശുപത്രിയിലേക്ക് കുതിച്ചു. അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വീട്ടമയ്ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
ഇസിജിയില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതോടെ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍ ഗുരുതര പ്രശ്നമല്ലെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ യാത്രക്കാരുമായി ബസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ജയകൃഷ്ണനും കണ്ടക്ടര്‍ നാസറുമാണ് യാത്രക്കാരുടെ കൂടി സഹകരണത്തോടെ വീട്ടമ്മയെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചത്.
Tags : Local News Nattuvishesham Kollam