ചാലക്കുടി: സെന്റ് മേരിസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വൻ ഭക്തജനപ്രവാഹം. ദീപാലംകൃതമായ നഗരവീഥികളിൽ നിരവധി കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.
ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ പന്തലുകളും എക്സിബിഷനുകളും കാണാൻ വൻതിരക്കാണ്. ഇന്നലെ രാവിലെ മുതൽ വിവിധ സംഘടനകളുടെ പന്തലുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ് നടത്തി. വൈകിട്ട് അമ്പ് എഴുന്നെള്ളിപ്പുകൾ ദേവാലയത്തിൽ സമാപിച്ചു. സൗത്ത് അമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അമ്പെഴുന്നെള്ളിപ്പ് രാത്രി പള്ളിയിൽ സമാപിച്ചു. ദേവാലയത്തിൽ വൈകിട്ട് നടന്ന ദിവ്യബലിക്കു ഫാ. മെൽവിൻ ചൊവ്വൂർ കാർമികത്വം വഹിച്ചു. വിശുദ്ധന്റെ തിരുസ്വരൂപം വണങ്ങുന്നതിനും അമ്പ് എടുത്തുവയ്ക്കുന്നതിനും ജാതി മത ഭേദമന്യേ ഭക്തജനങ്ങളുടെ നീണ്ട നിരയാണ്.
ഇന്നു രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് നവ വൈദികർ കാർമികത്വം വഹിക്കും. മൂന്നിന് വിശുദ്ധ കുർബാന, തുടർന്ന് തിരുനാൾ പ്രദക്ഷിണം ഏഴിന് പ്രദക്ഷിണം സമാപിക്കും. എട്ടിനു വിശുദ്ധ കുർബാനയ്ക്ക് ഇടവക വൈദികർ കാർമികത്വം വഹിക്കും. തുടർന്ന് വർണമഴ. നാളെയാണ് ടൗൺ അമ്പ്.
Tags : nattu vishesham Huge crowd Chalakudy