മേരി ദാസ്
അമ്പലപ്പുഴ: സുമനസുകൾ കൈത്താങ്ങായാൽ മേരി ദാസിയെ (ബിന്ദു-42) ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാം. അർബുദരോഗം മൂലം വേദന തിന്നുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് സമരഭൂമി ഒന്നാം വാർഡ് അരേശേരി മേരി ദാസിയാണ് കാരുണ്യമതികളെ തേടുന്നത്. ഇവരുടെ കിഡ്നിയിലാണ് കാൻസർ പിടികൂടിയത്.
ഇപ്പോൾ തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ്. മത്സ്യത്തൊഴിലാളിയായ ഭർത്താവ് പൊടിച്ചനോടൊപ്പം വഞ്ചി തുഴഞ്ഞു ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയ മേരി ദാസിയുടെ ചിത്രം നവമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. കടലിൽ പണിയില്ലാത്തപ്പോൾ പൊടിച്ചനും മേരിയും ഒരുമിച്ചു മരം വെട്ടാനും വിറകു കീറാനുമൊക്കെ പോയാണ് കുടുബം പോറ്റിയിരുന്നത്.
എന്നാൽ, മേരി കിടപ്പിലായതോടെ എൻജിനിയറിംഗ് പഠിച്ചു കൊണ്ടിരുന്ന മകൾ അനഘയുടെ പഠനവും പാതിവഴിയിൽ മുടങ്ങി. ഭാര്യയെ പരിചരിക്കുന്നത് പൊടിച്ചനാണ്.
വിദഗ്ധമായ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനു ലക്ഷങ്ങൾ ചെലവു വരും. നിലവിൽ വീട്ടു ചെലവിനും വിലയേറിയ മരുന്നിനു പോലും വകയില്ലാതെ നട്ടം തിരിയുന്ന ഈ കുടുബത്തിന് നന്മയുടെ ഉറവവറ്റാത്ത മനസുകളിലാണ് പ്രതീക്ഷ.
വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എഫ്. തോബിയാസിന്റെ നേതൃത്വത്തിൽ മേരി ദാസിക്കുവേണ്ടി ചികിത്സാസഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ: എസ്ബിഐ കളർകോട് അക്കൗണ്ട് നമ്പർ 31591103965, ഐഎഫ്എസ്സി, എസ്ബിഐഎൻ 0012 874, ജിപേ: 8086206889.
Tags : NattuVishesham DistricteNews