കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകാശനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.
ഹരിപ്പാട്: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകാശനെ (53) വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി. കുറ്റപത്രം നൽകുന്നതിന് മുൻപ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമായാണ് കനകക്കുന്ന് പോലീസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.
ബുധനാഴ്ച വൈകിട്ട് പ്രതിയെ മൃതദേഹം കെട്ടിത്താഴ്ത്തിയ കായലിന്റെ നടുക്കെത്തിച്ച് തെളിവെടുത്തു. തങ്കമ്മയുടെ കഴുത്തിലും കാലിലും ഇയാൾ കല്ലുകെട്ടിയിരുന്നു. എന്നാൽ, മൃതദേഹം കിട്ടുമ്പോൾ കാലിൽ കെട്ടിയിരുന്ന കല്ല് ഉണ്ടായിരുന്നില്ല.
കൂടാതെ, പ്രകാശന്റെ കൈവശമുണ്ടായിരുന്ന തങ്കമ്മയുടെ വീടിന്റെ താക്കോലും നഷ്ടപ്പെട്ടിരുന്നു. കെട്ടിത്താഴ്ത്തിയ സ്ഥലവും കരയുമായുളള ദൂരവും തിട്ടപ്പെടുത്തണമായിരുന്നു. അഗ്നിരക്ഷാസേന മുങ്ങൽ വിദഗ്ധരായ സ്കൂബാ ടീമിന്റെ സഹായത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം നടന്ന വീട് കനകക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലും കായൽ തൃക്കുന്നപ്പുഴ സ്റ്റേഷന്റെ പരിധിയിലുമാണ്. അതിനാൽ തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ലാൽ സി. ബേബി, കനകക്കുന്ന് ഇൻസ്പെക്ടർ സി. അമൽ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. നേരത്തേ തൃക്കുന്നപ്പുഴ പോലീസും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തൊണ്ടി മുതലുകൾ കണ്ടെടുത്തിരുന്നു.
മേയ് 24ന് രാത്രിയാണ് ഒറ്റയ്ക്കു താമസിച്ചു വന്ന തങ്കമ്മയെ നാലു വളകളും മോതിരവും കവർന്നശേഷം പ്രകാശൻ കൊലപ്പെടുത്തിയത്. തലയണകൊണ്ട് മുഖം അമർത്തി അബോധാവസ്ഥയിലാക്കിയശേഷം കായംകുളം കായലിൽ കെട്ടിത്താഴ്ത്തുകയായിരുന്നു.
Tags : Nattuvishesham District news