ഗാന്ധിനഗർ: ഗൈനക്കോളജി വിദഗ്ധരുടെ മൂന്നാമത് രാജ്യാന്തര കോണ്‍ക്ലേവ് ജെസ്റ്റിക്കോണ്‍-26 സമാപിച്ചു.കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (കെ-ഫോഗ്)യും കോട്ടയം ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി (കോഗ്സ്)യും ചേര്‍ന്നാണ് സമ്മേളനം നടത്തിയത്. സമാപന പൊതുസമ്മേളനം കെഫോഗ് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. ഫെസി ലൂയിസ് ഉദ്ഘാടനം ചെയ്തു.
കോഗ്സ് പ്രസിഡന്റ് ഡോ. അനിത കെ. ഗോപാല്‍ അധ്യക്ഷത വഹിച്ചു. കെഫോഗ് സംസ്ഥാന സെക്രട്ടറി സുഭാഷ് മല്യ, ഡോ. സുശാന്ത് വൈ.എസ്, ഡോ. രാജു ആര്. നായര്‍, ഡോ. സതി എം.എസ്. , ഡോ. അജയ് കുമാര്‍, ഡോ. ബീനാകുമാരി ആര്, ഡോ. ബിന്ദു കെ.എം, ഡോ. റെജി ഡി. എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാന്‍ഡ് അരീന കണ്വന്ഷന് സെന്ററില്‍ നടന്ന കോണ്‍ക്ലേവില്‍ ഒബ്സ്റ്റട്രിക്സ്, ഫീറ്റല്‍ മെഡിസിന്, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശത്തു നിന്നടക്കമുള്ള 600 ഡോക്ടര്‍മാരും വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി 100 പിജി വിദ്യാര്‍ഥികളും പങ്കെടുത്തു. മെറ്റേണല്‍ മെഡിസിന്, ഫീറ്റല്‍ മെഡിസിന് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു. ഡോ. ജെ. രവിചന്ദ്രന്‍ (മലേഷ്യ), ഡോ. കീപ്രോസ് നിക്കോളൈഡ്സ്(യുകെ), ഡോ. ആല്ബറോ ജോസെ നീറ്റോ (കൊളംബിയ) എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. പിജി വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിച്ചു.സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 25 സ്റ്റാളുകളും ഒരുക്കിയിരുന്നു.
Tags : nattu vishesham International conclave