ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഇക്കൊല്ലത്ത വള്ളസദ്യകള്ക്കു തുടക്കമായി . ക്ഷേത്രത്തിലെ ഉത്ര ശ്രീബലിക്ക് ശേഷം ആനക്കൊട്ടിലില്‍ കത്തിച്ച നിലവിളക്കുകള്‍ക്കു മുമ്പില്‍ സദ്യ വഴിപാടുകാരന് നെല്‍പ്പറകള്‍ നിറച്ചതോടെ സദ്യയുടെ ആദ്യഘട്ടത്തിനു തുടക്കംകുറിച്ചു. 10 പള്ളിയോടങ്ങള്‍ക്ക് സദ്യയുണ്ടായിരുന്നു. ഓട്ടുപറകളില് പള്ളിയോട കരയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. നിറപറയും നിലവിളക്കും പൂത്താലവും വെറ്റില പുകയിലയും അഷ്ടമംഗല്യ വിളക്കും ആനക്കൊട്ടിലില്‍ നിറഞ്ഞു.
ആദ്യമായി ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞ് എത്തിയത് മേലുകര പള്ളിയോടമാണ്. മുഖ്യാതിഥി മന്ത്രി കെ. മുരളീധരനും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേര്‍ന്ന് വെറ്റില പുകയില നല്കി പള്ളിയോടത്തെ ക്ഷേത്രക്കടവില്‍നിന്ന് സ്വീകരിച്ചു. വഞ്ചിപ്പാട്ടും പൂത്താലവും അഷ്ടമംഗല്യവിളക്കും നാദസ്വരവും മുത്തുക്കുടകളുമായി കരക്കാര് ക്ഷേത്രമുറ്റത്തെത്തി വലംവച്ച് ആനക്കൊട്ടിലില്‍ എത്തി. 12ന് ക്ഷേത്ര ശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി പകര്‍ന്നു നല്കിയ ദീപം പള്ളിയോട സേവാസംഘം ഭാരവാഹികള്‍ക്ക് കൈമാറി. തുടര്‍ന്ന് മന്ത്രി കെ. മുരളീധരന് ഭദ്രദീപം തെളിച്ചു. അതിനുശേഷം വഴിപാട് വള്ളസദ്യകള്‍ സദ്യാലയത്തില്‍ ആരംഭിച്ചു.
വഞ്ചിപ്പാട്ടിന്റെ ഈരടികളാല്‍ ക്ഷേത്രമതില്‍ക്കകം മുഖരിതമായി. പടിഞ്ഞാറേ ഊട്ടുപുരയില്‍ വിശിഷ്ടാതിഥികള്‍ക്ക് സദ്യ ഒരുക്കി. കരനാഥന്മാര്ക്കും പള്ളിയോട പ്രതിനിധികള്‍ക്കും വിനായക ഓഡിറ്റോറിയത്തിലായിരുന്നു സദ്യ.
കെഎസ്ആര്‍ടിസി ബ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായ ബസുകളും ഇന്നലെ എത്തിത്തുടങ്ങി. പാഞ്ചജന്യം ഓഡിറ്റോറിയത്തിലായിരുന്നു ഇവര്‍ക്ക് സദ്യ. പോലീസ് പ്രത്യേക ട്രാഫിക് സംവിധാനം ഒരുക്കിയതിനാല്‍ വലിയ ഗതാഗത തടസം ക്ഷേത്ര പരിസരത്ത് ഉണ്ടായില്ല. വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, പിന്നണിഗായകന്‍ ജി വേണുഗോപാല്‍ എന്നിവര്‍ ഇന്നലെ എത്തിയിരുന്നു.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, വര്‍ഗീസ് മാമ്മന്‍, ആന്റോ ആന്റണി എംപി, മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറാര്‍ രമേശ് മാലി മേല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മെംബര്‍ സ്റ്റെല്ലാ തോമസ്, എഡിഎം ആര്. രാജലക്ഷ്മി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. ജയലക്ഷ്മി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ സൈനു രാജ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വിജയന് നടമംഗലം, സെക്രട്ടറി ശശി കണ്ണങ്കേരി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന് നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോമോന് പുതുപ്പറമ്പില്‍, പ്രസാദ് കടമ്മനിട്ട തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Aranmula. Vallasadya