ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത സംസാരിക്കുന്നു.
വണ്ടൂർ: വണ്ടൂരിൽ മഞ്ഞപ്പിത്ത വ്യാപനത്തെത്തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചുചേർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ. അമൃത. പ്രദേശങ്ങളിലെ കിണറുകൾ ക്ലോറിനേഷൻ ചെയ്യാനും അങ്ങാടികളിലെ ചായക്കടകളിൽ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.
മേഖലയിലെ മഞ്ഞപ്പിത്തത്തിന്റെ പ്രഭവ കേന്ദ്രമായി കണക്കാക്കുന്ന വണ്ടൂരിലെ ഹോട്ടൽ നേരത്തേതന്നെ അടപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള ജീവനക്കാരനിലൂടെയാണ് മേഖലയിൽ മഞ്ഞപ്പിത്തം പടർന്നതെന്നാണ് കണക്കാക്കുന്നത്. ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കും ബന്ധുക്കൾക്കുമാണ് രോഗം പടർന്നുപിടിച്ചത്.
കഴിഞ്ഞ ദിവസം 63 കടകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ യൂണിറ്റ് അടച്ചുപൂട്ടി. പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടലിനെതിരേ നടപടിക്ക് പഞ്ചായത്തിനു കത്ത് നൽകി. പരിശോധന വരുദിവസങ്ങളിലും തുടരും. ആരോഗ്യവകുപ്പിനു കീഴിലെ മുഴുവൻ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു. വണ്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിലാണ് യോഗം ചേർന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, മെഡിക്കൽ ഓഫിസർ ഉമ്മർ പള്ളിയാളി, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Meeting NattuVishesham DistrictNews