ചങ്ങനാശേരി അതിരൂപതയും ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കുന്ന ജീവനം ജൈവകാര്‍ഷിക പദ്ധതിയുടെ ലോഗോ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പ്രകാശനം ചെ
ചങ്ങനാശേരി: അതിരൂപതയും ഡോ. ജോര്‍ജ് പടനിലം ഫൗണ്ടഷനും ചേര്‍ന്ന് ചങ്ങനാശേരിയില്‍ പുതുതായി ജീവനം ജൈവകൃഷിക്കും വിപണിക്കും തുടക്കംകുറിക്കുന്നു. ഫലവൃക്ഷത്തൈകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ജൈവപച്ചക്കറി തൈകള്‍, ജൈവവളങ്ങള്‍, ജൈവ ഉത്പന്നങ്ങള്‍, കൃഷിമരുന്നുകള്, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവ സജ്ജമാക്കി കര്‍ഷകര്‍ക്കു പദ്ധതിയിലൂടെ വിതരണം ചെയ്യും. പുരയിടങ്ങളിലും ടെറസുകളിലും അടുക്കളത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ഗ്രോബാഗുകള്‍ തയാറാക്കി പോളിഹൗസുകള്‍ ക്രമീകരിച്ച് കൃഷി ചെയ്ത് ഒരു ജനതയുടെ ആരോഗ്യപരിപാലനം ഉറപ്പുവരുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
തുരുത്തി ഫൊറോന പള്ളിക്കു സമീപം കൊച്ചുവീട്ടില്‍ കുടുംബം ചങ്ങനാശേരി അതിരൂപതയ്ക്കു സമ്മാനിച്ച 70 സെന്റ് സ്ഥലത്താണ് പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഫാം കങ്ങഴയിലുള്ള പത്തേക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കും.
ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം
18 വയസിനു മുകളിലുള്ള ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്ക് കൃഷിയില്‍ പരിശീലനം നല്കി അവരുടെ സഹകരണത്തോടെ കാര്‍ഷികഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് വില്പന നടത്തുന്നതാണ് ജീവനം പദ്ധതി. ഭിന്നശേഷിയില്‍പ്പെട്ട യുവജനങ്ങളുടെ കഴിവുകള്‍ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുവിട്ട് വരുമാനം സൃഷ്ടിച്ച് അവരെ സ്വയംപര്യാപ്തയിലേക്കു നയിക്കുന്നതിനും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും ആവശ്യമായ വിവിധ പദ്ധതികള്‍ ഇതിലൂടെ ആസൂത്രണം ചെയ്യുന്നു.
വിവിധ സ്പെഷല്‍ സ്കൂളുകളില്‍നിന്നും തെരഞ്ഞെടുത്ത 14 ഭിന്നശേഷിക്കാര്‍ക്ക് ജൈവകൃഷി പ്രോത്സാഹനം നല്‍കിയാണ് ആരംഭത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പോളിഹൗസുകള്‍ക്കും അടുക്കളത്തോട്ടങ്ങള്‍ക്കും ടെറസ് ഫാമിംഗിനും ആവശ്യമായ ഗുണമേന്മയുള്ള പച്ചക്കറി കൃഷി വിത്തുകള്‍, ഫലവൃക്ഷത്തൈകള്‍, കാര്‍ഷികോപകരണങ്ങള്‍, ജൈവവളം എന്നിവയെല്ലാം ജീവനത്തിലൂടെ കര്‍ഷകരില്‍ എത്തിക്കും.
ഗ്രോ ബാഗുകളും നടീല്‍വസ്തുക്കളും നല്കി വീടുകളിലും വിദ്യാലയങ്ങളിലും താത്പര്യമുള്ള സ്ഥാപനങ്ങളിലുമൊക്കെ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. പൊതുജനങ്ങള്‍ക്ക് വിഷരഹിത ജൈവ പച്ചക്കറികളും ഗുണമേന്മയുള്ള ഫലവൃക്ഷത്തൈകളും മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സഹായിക്കും.
നമ്മുടെ അടുക്കളകളില്‍ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാനും ആരോഗ്യപൂര്‍ണമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും പ്രചോദനാകും.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നു തുരുത്തിയില്‍
ജീവനം പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് തുരുത്തി കൊച്ചുവീട്ടില്‍ ബില്‍ഡിംഗില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷൻ സ്ഥാപകന്‍ ഡോ. ജോര്‍ജ് പടനിലം പദ്ധതി വിശദ്ധീകരിക്കും. മുന്‍സിപ്പല്‍ ചെയര്മാന് ജോമി ജോസഫ് ആദ്യവില്പന നടത്തും. വികാരി ജനറാൾമാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, പ്രൊക്യുറ്റേറ്റര് ഫാ. ആന്റണി മാളേയ്ക്കല്‍, ഡോ. ജോര്‍ജ് പടനിലം സെന്റര്‍ ഡയറക്ടര്‍ ഫാ. ജയിംസ് പഴേമഠം, പൊന്നമ്മ ജോര്‍ജ് പടനിലം, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണ ദിലീപ്, കൃഷി ഓഫീസര്‍ അഖില്‍ സുഗുണന് എന്നിവര്‍ പങ്കെടുക്കും.
അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി, ജിമ്മി പടനിലം സെന്റര്‍ ഡയറക്ടര്‍ ഫാ. ജയിംസ് പഴേമഠം, ഡോ. ജോര്‍ജ് പടനിലം, സി.ജെ. ജോസഫ്, പ്രിന്‍സ് കുട്ടംപേരൂര്‍, ജോണ്‍ ജെ. പുതുച്ചിറ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Tags : Local News Nattuvishesham Kottayam