പ്രതീകാത്മക ചിത്രം
ഇടുക്കി: ജില്ലയില്‍ കെ-ഫോണ്‍ കണക്ഷനുകളുടെ എണ്ണം 10,000 കടന്നു. വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവയിലായി ജില്ലയില്‍ ആകെ 10,086 കണക്ഷനുകളാണ് കെ-ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്. ജില്ലയില്‍ 7,874 ഗാര്‍ഹിക കണക്ഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കായി 404 കണക്ഷനുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 539 കണക്ഷനുകളും ലഭ്യമാക്കി. മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിലൂടെ ജില്ലയിലെ കൂടുതല്‍ കുടുംബങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ഡിജിറ്റല്‍ കണക്ടിവിറ്റി എത്തിക്കുകയാണ് കെ-ഫോണ്‍ ലക്ഷ്യമിടുന്നത്.
മലനിരകളും വിദൂര മേഖലകളും ഉള്‍പ്പെടുന്ന ജില്ലയുടെ പ്രത്യേക ഭൂപ്രകൃതിയിലും വിവിധ പ്രദേശങ്ങളിലേക്ക് കെ-ഫോണ്‍ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഥിരതയാര്‍ന്ന ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസം, തൊഴില്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ ആശയവിനിമയം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഡിജിറ്റല്‍ ഉള്‍ച്ചേരലിന് ശക്തിപകരാനും കെ-ഫോണ്‍ ലക്ഷ്യമിടുന്നു. പുതിയ ഗാര്‍ഹിക കണക്ഷനായി എന്റെ കെ-ഫോണ്‍ മൊബൈല്‍ ആപ്പിലൂടെയോ കെ-ഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 1800 570 4466 എന്ന ടോള്‍ഫ്രീ നമ്പറിലും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം.