തിമിരശസ്ത്രക്രിയ നടത്തിയ ലത.
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ്. തിമിര ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ കണ്ണിൽ പതിച്ച ലെൻസ് എടുക്കാൻ കഴിയാതായി. പരാതിയുമായി ബന്ധുക്കൾ. ആറാട്ടുപുഴ നല്ലാണിക്കൽ തെക്കേയറ്റത്ത് വീട്ടിൽ ലത (67)യുടെ വലതുകണ്ണിലാണ് ശസ്ത്രക്രിയയ്ക്കിടെ ലെൻസ് തറച്ചുകയറിയത്. തിമിര ശസ്ത്രക്രിയയ്ക്കായി ബുധനാഴ്ചയാണ് ലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കണ്ണിലെ പ്രഷർ ഉൾപ്പടെയുള്ള പരിശോധനകൾക്കുശേഷം ഒൻപതിന് ഓപ്പറേഷൻ തിയറ്ററിൽ കയറ്റി.
തിമിരശസ്ത്രക്രിയയ്ക്കായി എത്തിയ മറ്റ് 14 രോഗികൾ വേറെയുമുണ്ടായിരുന്നു. ഇവരെ എല്ലാവരെയും ശസ്ത്രക്രിയ ചെയ്ത് ഇറക്കിയിട്ടും അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞില്ലന്നാണ് ഒപ്പമുണ്ടായിരുന്ന മകൾ ദീപിക അന്വേഷിച്ചപ്പോൾ പറഞ്ഞത്. ഇതിനിടെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റു രോഗികളെല്ലാം മടങ്ങി. പലതവണ അന്വേഷിച്ചപ്പോഴും അമ്മയെ ശസ്ത്രക്രിയക്ക് കയറ്റിയില്ലെന്നായിരുന്നു മറുപടിയെന്ന് ദീപിക പറഞ്ഞു.
തുടർന്ന് ഉച്ചയ്ക്ക് 1.35 ഓടെ ലതയെ മുറിയിലെത്തിച്ച് ശസ്ത്രക്രിയ കഴിഞ്ഞതായി അറിയിച്ചു. എന്നാൽ, മണിക്കൂറുകളോളം തന്റെ കണ്ണിൽ കുത്തിയിളക്കിയെന്നും മറ്റു രോഗികളെ 15 മിനിട്ട് കൊണ്ട് പറഞ്ഞയച്ചുവെന്നും പറഞ്ഞപ്പോൾ തിമിരം അധികമുണ്ടെന്നും അത് മുഴുവൻ നീക്കാൻ താമസമുണ്ടെന്നുമാണ് പറഞ്ഞതെന്ന് ലത മകളോട് പറഞ്ഞു. കണ്ണിന് ശക്തമായ വേദനയുണ്ടന്നും ഇവർ പറഞ്ഞു.
ലതയെ മുറിയിലെത്തിച്ചതിനു പിന്നാലെ ഡോ. മല്ലികയെത്തി ശസ്ത്രക്രിയയ്ക്കിടെ കണ്ണിൽ ലെൻസ് ഉടക്കിയെന്നും ഇത് പുറത്തെടുക്കാൻ കോട്ടയം മെഡിക്കൽ കോളജിലോ, തിരുവനന്തപുരം മെഡിക്കൽ കോളജിലോ ലതയെ കൊണ്ടുപോകണമെന്നും പറഞ്ഞു. വിവരം സൂപ്രണ്ടിന് പരതിയായി നൽകിയപ്പോൾ, അമ്മയുടെ കാഴ്ചയുമായി ബന്ധപ്പെട്ട വിഷയം അവരും നിസാരമായാണ് കണ്ടതെന്നും ആംബുലൻസ് പോലും വിട്ടു തരാൻ തയാറായില്ലന്നും മകൾ ദീപിക പറഞ്ഞു.
Tags : NattuVishesham DistricteNews