എരുമേലി കനകപ്പലത്ത് മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയുടെ ഭാഗമായി നടന്ന പാതയോര ചെടിനടീൽ.
എരുമേലി: മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു വർഷം മുമ്പ് മാലിന്യങ്ങൾ നീക്കം ചെയ്ത് സുന്ദരമാക്കിയ കനകപ്പലം - വെച്ചൂച്ചിറ റോഡരികിൽ വീണ്ടും ചെടികൾ നടാൻ ആരംഭിച്ചു. ഫൗണ്ടേഷന്റെ പ്രവർത്തകരും വെച്ചൂച്ചിറ ഗവൺമെന്റ് പോളിടെക്ക്നിക് കോളജ് എൻഎസ്എസ് യൂണിറ്റും കേരള കൗൺസിൽ ഓഫ് ചർച്ചസും(കെസിസി) ചെടി നടീലിൽ പങ്കാളികളായി.
ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാലു കിലോമീറ്റർ റോഡരികിലെ 52 ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിച്ച് സംസ്കരിച്ച ശേഷമാണ് റോഡിന്റെ വശങ്ങളിലെ കാടുകൾ നീക്കം ചെയ്ത് നേരത്തേ ചെടികൾ നട്ടത്. മാലിന്യങ്ങൾ എത്തുന്നത് തടയാൻ നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. മഴക്കാലത്ത് കാട് വളർന്നതോടെ ചെടികൾ നശിക്കാതിരിക്കാൻ ഒരാഴ്ചയായി കാടുതെളിക്കൽ നടത്തി. നഷ്ടപ്പെട്ട ചെടികൾക്കു പകരം പുതിയ ചെടികൾ വച്ച് പാതയോരം സൗന്ദര്യവത്കരിക്കുന്ന ജോലികളാണ് ഇപ്പോൾ ആരംഭിച്ചത്.
ചെടി നടീൽ ജോലികളുടെ ഉദ്ഘാടനം പദ്ധതിയുടെ കോ-ഓർഡിനേറ്റർ പ്രഫ. മേജർ എം.ജി. വർഗീസ് നിർവഹിച്ചു. പ്രസിഡന്റ് ടി.കെ. സാജു, സെക്രട്ടറി ജോൺ സാമുവേൽ, ജോൺ വി. തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി. ജ്യോതിബസു, വത്സമ്മ ജോൺ, ജ്യോതിക രാജേഷ്, രാജു മാമ്പറമ്പിൽ, ബേബി വല്യാന്റെപറമ്പിൽ, എസ്. അമൃത, ശ്രീശ്യാം, ഹെവൻ സി. ടിജോ, സോളമൻ വെള്ളാംകുഴിയിൽ, ദാമോദരൻ, വിബിൻ സുരേഷ്, എൻ. സന്തോഷ്, മുഹമ്മദ് ബാസിം എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistricteNews