നിലവിലുള്ള ചെക്ക് ഡാം.
എരുമേലി: അയ്യപ്പഭക്തർക്ക് ആചാരപരമായ സ്നാനം നടത്താൻ തോട്ടിൽ വെള്ളം തടഞ്ഞുനിർത്തിയിരുന്ന ചെക്ക് ഡാം ഇത്തവണത്തെ ശബരിമല തീർഥാടനകാലം കഴിയുന്നതോടെ പൊളിച്ചുനീക്കും. പുതിയ ചെക്ക് ഡാം തോട്ടിൽ രാജാ പടി പാലത്തിന് താഴെ നിർമിക്കും. ഇതിനായി ടെൻഡർ പൂർത്തിയായി. അടുത്ത ഫെബ്രുവരിയിൽ ചെക്ക് ഡാം പൊളിക്കുന്നതിനൊപ്പം പുതിയ ചെക്ക് ഡാമിന്റെ നിർമാണവും തുടങ്ങും.
80 ലക്ഷം രൂപയാണ് പുതിയ ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ക്ഷേത്രത്തിൽ വെള്ളം കയറിയിരുന്നു. ഒപ്പം നടപ്പന്തലും വെള്ളത്തിൽ മുങ്ങി. ചെക്ക് ഡാമിൽ തോടിന്റെ ആഴം കുറഞ്ഞതാണ് ഇതിന് കാരണമായത്. ഇതേത്തുടർന്നാണ് ചെക്ക് ഡാം പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായത്.
ശബരിമല സ്പെഷൽ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ ആർ. ജയകൃഷ്ണൻ ഇതു സംബന്ധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് നൽകിയ റിപ്പോർട്ട് അംഗീകരിച്ചതോടെ ചെക്ക് ഡാം പൊളിച്ചുനീക്കി അനുയോജ്യമായ സ്ഥലത്ത് പുതിയ ചെക്ക് ഡാം നിർമിക്കാൻ അനുമതിയായി. പുതിയ ചെക്ക് ഡാം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നിലയിൽ നിർമിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
Tags : NattuVishesham DistricteNews