പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: മെഡിക്കൽ കോളജിന്റെ പ്രവേശനകവാടങ്ങളായ ജംഗ്ഷനുകൾ ഇരുട്ടിൽ. എംസി റോഡിലെ ഗാന്ധിനഗർ ജംഗ്ഷനിലും മെഡിക്കൽ കോളജ് ജംഗ്ഷനിലും (ജോർജ് ജോസഫ് പൊടിപാറ റൗണ്ട്) വെളിച്ചമില്ലാതായിട്ട് മാസങ്ങളായി. ഹൈമാസ്റ്റ് ലൈറ്റുകളും മറ്റു സ്ട്രീറ്റ് ലൈറ്റുകളും തെളിയുന്നില്ല.
രാത്രികാലങ്ങളിൽ എംസി റോഡിൽ ബസ് ഇറങ്ങി മെഡിക്കൽ കോളജിലേക്ക് എത്തേണ്ടവർക്ക് ഗാന്ധിനഗർ ജംഗ്ഷനിലെ ഇരുട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. മെഡിക്കൽ കോളജ് ജംഗ്ഷനിലെ പൊടിപാറ റൗണ്ടിനു സമീപമുള്ള വെയ്റ്റിംഗ് ഷെഡ് ഇരുട്ടിന്റെ മറവിൽ സമൂഹ്യ വിരുദ്ധർ താവളമാക്കുകയാണ്. ഇവിടം കടന്നാണ് മെഡിക്കൽ കോളജിലെ പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾ ആശുപത്രിയിൽനിന്ന് ഹോസ്റ്റലുകളിലേക്ക് പോകേണ്ടത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന കാത്തിരിപ്പുകാരും സന്ദർശകരും ഈ വെയ്റ്റിംഗ് ഷെഡിനെ ആശ്രയിക്കുന്നവരാണ്. ഇവർക്കും വെളിച്ചമില്ലാത്ത സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന്റെയും ലൈറ്റുകളുടെയും പരിപാലന ചുമതല കെഎസ്ടിപിക്കാണ്. ലൈറ്റുകളുടെ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.\
കെഎസ്ടിപി അധികൃതരെയും നഗരസഭാധികൃതരെയും നിരന്തരം ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല. മെഡിക്കൽ വിദ്യാർഥികളും മെഡിക്കൽ കോളജിൽ എത്തുന്നവരും ഉൾപ്പടെയുള്ളവരുടെ ബുദ്ധിമുട്ടിന് അടിയന്തരമായി പരിഹാരം കാണണം.
-സിറിൾ ജി. പൊടിപാറ
(കൺവീനർ, ലവേഴ്സ് ഓഫ് പൊടിപാറ)
കോട്ടയം മെഡിക്കൽ കോളജിന്റെ കവാടമായ ഗാന്ധിനഗർ ജംഗ്ഷനിൽ ലൈറ്റുകൾ ഇല്ലാത്തത് ആശുപത്രിയിൽ എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടിന് ഇടയാക്കുന്നു. അധികൃതർ ഇടപെടണം.
-ജോർജ്കുട്ടി ആന്റണി
(റിട്ടയേർഡ് അധ്യാപകൻ)
Tags : District News Nattuvishesham Medical College junction darkness