Drains Filled with Polluted Water: Kuriyachira Now Set for Protest
തൃശൂർ: സ്വന്തം വീടുകളിൽനിന്ന് ശുദ്ധജലം കുടിച്ചിരുന്ന ഒരു ജനത ഇപ്പോൾ കുടിവെള്ളത്തിനായി പണം നൽകി ലോറി കാത്തുനിൽക്കേണ്ട ദുരവസ്ഥയിലാണ്. വഴികളിൽ നിറഞ്ഞുനിൽക്കുന്ന ദുർഗന്ധം, കിണറുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം, മലിനജലത്തിൽനിന്ന് ഉയർന്നുവരുന്ന പുഴുക്കളും കീടങ്ങളും... കോർപറേഷന്റെ മൂക്കിനു താഴെയുള്ള കുരിയച്ചിറ മണലിപ്പാടം നിവാസികളുടെ ദുരിതചിത്രമാണിത്.
പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽനിന്ന് പൊതുമരാമത്ത് വകുപ്പിന്റെ കാനകളിലേക്ക് ഇരുട്ടിന്റെ മറവിൽ മലിനജലം തള്ളുന്നതിനെതിരേ 2016 മുതൽ പരാതി നൽകിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുമ്പോൾ, ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ തെരുവിലിറങ്ങാൻ ഒരുങ്ങുകയാണ് ഈ നാട്ടുകാർ.
ഒഴുകിയെത്തുന്നത്
മലിനജലവും പകർച്ചവ്യാധി ഭീഷണിയും
കുരിയച്ചിറ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽനിന്നാണ് കാനയിലേക്ക് അനിയന്ത്രിതമായി മലിനജലം തള്ളുന്നത്. കുരിയച്ചിറയിൽനിന്ന് തിരുത്തൂർ അമ്പലം വഴി ചീരാച്ചി തോട്ടിലേക്ക് ഒഴുകിയെത്തുന്ന ഈ മലിനജലം ജനങ്ങൾക്ക് വലിയ ആരോഗ്യ-പാരിസ്ഥിതിക ഭീഷണിയാണ് ഉയർത്തുന്നത്. മലിനജലം കിണറുകളിലേക്ക് വ്യാപിച്ചതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ നശിക്കുകയും കുടുംബങ്ങൾ കുടിവെള്ളത്തിന് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട ഗതികേടിലാവുകയും ചെയ്തു. ദുർഗന്ധംമൂലം പ്രദേശവാസികൾക്ക് ശ്വാസംമുട്ട്, അലർജി, കടുത്ത തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതായും പരാതിയുണ്ട്.
പരാതികൾക്ക് പത്തുവർഷത്തെ പഴക്കം
കഴിഞ്ഞ പത്തു വർഷത്തിലേറെയായി മണലിപ്പാടം റസിഡന്റ്സ് അസോസിയേഷൻ, മറ്റ് ജനകീയ കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, മേയർ, കോർപറേഷൻ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, പിഡബ്ല്യുഡി എൻജിനീയർ, എംഎൽഎമാർ എന്നിവർക്കെല്ലാം നിരന്തരം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ലെന്നു വ്യാപകപരാതിയുണ്ട്.
Tags :