ഖാദര്‍ അലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്വാഗതസംഘ രൂപീകരണ യോഗം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ: പൂക്കോയ തങ്ങള്‍ സ്മാരക ഗവണ്മെന്റ് കോളജില്‍ ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കുമെന്ന് നജീബ് കാന്തപുരം എംഎല്‍എ. സ്റ്റേഡിയം നിര്‍മാണത്തിനായി നാല് കോടി രൂപയുടെ സര്‍ക്കാര്‍ സഹായം തേടുമെന്നും എംഎല്‍എ പറഞ്ഞു. ഡിസംബര്‍ 18-ന് പെരിന്തല്‍മണ്ണ നെഹ്റു ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഖാദര്‍ അലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലോചിതമായ മാറ്റങ്ങളോടുകൂടി 20 പ്രമുഖ ടീമുകളാണ് ഇക്കുറി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ ആദായവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഖാദര്‍ അലി ടൂര്‍ണമെന്റ് വിദേശത്ത് സംഘടിപ്പിക്കാനുള്ള നീക്കങ്ങളുമുണ്ട്. 20 വയസില്‍ താഴെയുള്ളവര്‍ക്കും 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും.10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും സൗജന്യമായി കളികാണാന്‍ അവസരവും നല്‍കും.
ക്ലബ് പ്രസിഡന്റ് എച്ച്. മുഹമ്മദ് ഖാന് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് മുഖ്യാതിഥിയായി. വി. ബാബുരാജ്, അഡ്വ. സലാം, എന്‍.പി. ഉണ്ണികൃഷ്ണന്, ദിവാകരന്, കൊച്ചു, ചമയം ബാപ്പു, ഇക്ബാല്‍, സി.എച്ച്. മുസ്തഫ, മണ്ണേങ്ങല്‍ അസീസ്, ദിനേശന്, ജനറല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ്, യൂസഫ് രാമപുരം എന്നിവര്‍ പ്രസംഗിച്ചു.
Tags :