മാവേലിക്കര: കായംകുളം, കരീലക്കുളങ്ങര, മാവേലിക്കര പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളിലും പോക്സോ കേസുകളിലും പ്രതിയായ പത്തിയൂർ മുറിയിൽ അങ്ങാടിശേരിൽ വീട്ടിൽ ഹരികുമാർ മകൻ ഇണ്ടക്ക് എന്നറിയപ്പെടുന്ന അരുണിനെ ഇന്നലെ പുലർച്ചെ 2:30ന് മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു മാവേലിക്കര പോലീസ് പിടികൂടി. കാപ്പ കേസിലെ പ്രതിയായ ഇയാൾക്കെതിരേ, ജില്ലയിൽ പ്രവേശിക്കരുതെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവ് ലംഘിച്ചാണ് ഇയാൾ മാവേലിക്കരയിൽ എത്തിയത്.
മാവേലിക്കര എസ്എച്ച്ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പട്രോളിംഗിൽ എസ്ഐമാരായ സിയാദ്, രാജീവ്, സാബു മാത്യു, എഎസ്ഐ സുനിൽ കുമാർ, എസ്സിപിഒമാരായ ഷമീർ, അഭിലാഷ്, സിപിഒമാരായ ദിലീപ്, ബോധിൻ, അനന്തമൂർത്തി, ശംഭു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.