കല്ലുംതാഴം ഫ്ളൈഓവറിലെ ഗതാഗതക്കുരുക്ക്.
കൊല്ലം: കൊല്ലം ബൈപാസിലെ ഏറ്റവും തിരക്കേറിയ കല്ലുംതാഴം ജംഗ്ഷനിലെ ഫ്ളൈ ഓവര്‍ തുറന്നില്ല. തന്മൂലം കനത്ത ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. നിര്‍മാണം വൈകുന്നതും അത് മൂലം അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കും വലിയ ജനരോഷത്തിന് ഇടയാക്കി.
ഇന്നലെ കല്ലുംതാഴം ഫ്ളൈഓവര്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നായിരുന്നു അധികൃതരുടെ ആസൂത്രണം. എന്നാല്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റേയും റെയില്‍വേ മേല്‍പ്പാല ഭാഗത്തെയും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഫ്ളൈഓവര്‍ തുറക്കാനായില്ല.
അപ്രോച്ച് റോഡുകള്‍ ഉയര്‍ത്തുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള മണ്ണ് സമയബന്ധിതമായി ലഭിക്കാതിരുന്നതും നിര്‍മാണത്തെ ബാധിച്ചു. ജില്ലയില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ടാറിംഗ്് അടക്കമുള്ള പണികള്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നതും തിരിച്ചടിയായി.
സര്‍വീസ് റോഡുകളിലൂടെയും നിലവിലുള്ള ഇടുങ്ങിയ പാതകളിലൂടെയുമാണ് ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ദേശീയപാത 66-ലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതോടെ കല്ലുംതാഴം ജംഗ്ഷനില്‍ മണിക്കൂറുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.
തിരുവനന്തപുരം - ആലപ്പുഴ/എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളും ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും ഈ കുരുക്കില്‍പ്പെടുന്നത് വലിയ യാത്രാദുരിതത്തിന് കാരണമാകുന്നുണ്ട്.
റോഡ് പണികള്‍ വേഗത്തിലാക്കി അടിയന്തരമായി ഫ്ലൈഓവര്‍ തുറന്നുനല്‍കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. പണികള്‍ അതിവേഗം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തില്‍ത്തന്നെ ഗതാഗതയോഗ്യമാക്കുമെന്നാണ് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും വ്യക്തമാക്കുന്നത്.
Tags : flyove NattuVishasham DistrictNews