കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ.
കാഞ്ഞിരപ്പള്ളി: മാലിന്യം തള്ളൽകേന്ദ്രമായി മാറി കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ വളപ്പ്. സിവിൽ സ്റ്റേഷന്റെ ഉള്ളിലായി കവാടത്തോടു ചേർന്നാണ് ഓരോ ദിവസവും വിവിധ ഓഫീസുകളിലെ അടക്കം മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത്.
മാസങ്ങൾക്ക് മുന്പുമുതൽ തള്ളിയ മാലിന്യങ്ങളാണ് ഇവിടെ കൂടിക്കിടക്കുന്നത്. ജീവനക്കാരുടെ യൂണിയനുകളുടെ ഫ്ലക്സ് ബോർഡുകൾ തുടങ്ങി ഉപയോഗശൂന്യമായ കസേര, ടയറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഇക്കൂട്ടത്തിലുണ്ട്. പൊതുജനങ്ങൾക്ക് കടന്നു പോകാൻ പോലും കഴിയാത്ത വിധത്തിലാണ് ഇപ്പോൾ മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരിക്കുന്നത്.
താലൂക്കിലെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസ് അടക്കം 23 സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഓഫീസുകളിലെയെല്ലാം മാലിന്യങ്ങളും പാഴ്വസ്തുക്കളും സിവിൽ സ്റ്റേഷന്റെ വാതുക്കൽ തന്നെ കൂട്ടിയിട്ട നിലയിലാണ്. എലികൾ പെറ്റുപെരുകിയതിനെത്തുടർന്ന് ഇവയുടെ ശല്യവുമുണ്ട്. ഇത് ഇഴജന്തുക്കളുടെ ഭീഷണിയും ഉയർത്തുന്നു. മാലിന്യങ്ങൾക്കിടയിൽ എലികൾ ചത്തുകിടന്ന് ദുർഗന്ധവും അനുഭവപ്പെടുന്നതായി ഇവിടെയെത്തുന്നവർ പറയുന്നു.
സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലെല്ലാം വൃത്തിയാക്കാൻ ജീവനക്കാർ ഉണ്ടെങ്കിലും ഇവരാരും കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ തയാറാകാറില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ റെയില്‍വേ റിസര്‍വേഷൻ കൗണ്ടർ പ്രവർത്തിച്ചുകൊണ്ടിരുന്ന റൂമും ഇപ്പോൾ പാഴ്് വസ്തുക്കൾ കൊണ്ട് നിറഞ്ഞ നിലയിലാണ്. ഇലക്ട്രോണിക് മാലിന്യങ്ങളടക്കം ഇക്കൂട്ടത്തിലുണ്ട്.
ഉദ്യോഗസ്ഥര്‍ തന്നെ മാലിന്യം തള്ളുമ്പോൾ ഇനി ആര് നടപടിയെടുക്കും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
Tags : NattuVishesham DistrictNews