എം.ജെ. മത്തായി
അരുവിത്തുറ: കാട്ടിപ്പറമ്പിൽ (മേക്കാട്ട്) എം.ജെ. മത്തായി സാറിന്റെ (96) വിയോഗത്തോടെ ഓർമയായത് തലമുറകളുടെ അധ്യാപകൻ. പാലാ സെന്റ് തോമസ് കോളജിലെ ആദ്യ ഡിഗ്രി ബാച്ചിലെ വിദ്യാർഥിയായിരുന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനം, ശുഭാപ്തി വിശ്വാസം, ദൈവാശ്രയബോധം തുടങ്ങിയ വ്യക്തിസവിശേഷതകൾ കൊണ്ടാണ് തന്റെ ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുപോകാനായത്.
1953ൽ അരുവിത്തുറ സെന്റ് ജോർജ് ഹൈസ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 30 വർഷത്തോളം അനേകായിരങ്ങൾക്ക് അറിവിന്റെ വിളക്കുതെളിച്ച ക്രാന്തദർശിയാണ്. തുടർന്ന് ചേന്നാട് സെന്റ് മരിയ ഗൊരേത്തി ഹൈസ്കൂൾ, വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളുകളിൽ പ്രഥമാധ്യാപകനയി സേവനം ചെയ്തതിനുശേഷം 1986ൽ വിരമിച്ചു. പിന്നീട് രണ്ടു വർഷം ജോർജിയൻ കോളജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. അരുവിത്തുറ പള്ളിയുടെ കൈക്കാരൻ, കമ്മിറ്റിയംഗം എന്നീ നിലകളിലും വിവിധ ഭക്തസംഘടനകളിലും സജീവമായിരുന്നു. അനൗൺസ്മെന്റ് മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ച ഇദ്ദേഹത്തിന്റെ ശൈലി ഇപ്പോഴും അനുകരിക്കപ്പെടുന്നുണ്ട്.
സംസ്കാരം നാളെ രാവിലെ പത്തിന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.
Tags : NattuVishesham DistrictNews