അച്ചൻകോവിലാറിലെ കുത്തൊഴുക്കിൽ ഇടിഞ്ഞു തകർന്ന പന്തളം കൈപ്പുഴയിലെ തീരം.
പന്തളം: ഒരോ പ്രളയം കഴിയുമ്പോഴും അച്ചൻകോവിലാറിന്റെ തീരമിടിഞ്ഞ് ഏക്കറു കണക്കിനു മണ്ണാണ് പുഴയെടുക്കുന്നത്. പന്തളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി നിരവധി വീടുകളാണ് ഏതുനിമിഷവും ആറ്റിലേക്ക് പതിക്കുമെന്ന ഭീതിയിൽ കഴിയുന്നത്. വെള്ളം താഴ്ന്നുതുടങ്ങിയതോടെ തീരത്തിന്റെ ഭയാനകമായ ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്.
നഗരസഭാ പ്രദേശങ്ങൾക്കു പുറമേ കുളനട, തുമ്പമൺ, ചെന്നീർക്കര പഞ്ചായത്തുകളിലും വ്യാപകമായി തീരവും ഫലവൃക്ഷങ്ങളും ഇടിഞ്ഞുപോയിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഇടിവുണ്ടായ ഭാഗങ്ങളിൽ തന്നെയാണ് ഇത്തവണയും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്.
കൈപ്പുഴ വെളിച്ചപ്പാട്ട് വീട്ടിൽ വയോധികയായ തുളസിയമ്മയും മകൾ സുജാതയും ആറ്റിൽ ജലനിരപ്പുയരുമ്പോൾ ഭയത്തോടെ ഉറങ്ങാതെ വീടിന് കാവലിരിക്കുകയാണ്. ഇനി നാലടി മണ്ണുകൂടി ഇടിഞ്ഞാൽ ഇവരുടെ വീടിന്റെ അടിത്തറ പൂർണമായി തകർന്നുവീഴും. സുജാതയുടെ മകൻ സജിത്കുമാർ സൈനികനാണ്. തോട്ടക്കോണം പൂഴിത്തറയിൽ സുരേഷ് കുമാർ, ഇരുവുംമണ്ണിൽ അനിൽ കുമാർ, വാലിൽ ശാന്തമ്മ, പാലയ്ക്കാട് ഇടപ്പുരയിൽ സോമൻ പിള്ള, വിജയകുമാർ, ഇന്ദിരാമ്മ, മുടിയൂർക്കോണം തച്ചപ്പുഴത്തിൽ ശ്രീകുമാർ എന്നിവരുടെ വീടുകളും, ഒരുതാപ്പള്ളിൽ ജയന്തിയുടെ പറമ്പും സമാനമായ രീതിയിൽ കടുത്ത തകർച്ചാഭീഷണി നേരിടുകയാണ്.
കുളനട പഞ്ചായത്തിലെ കൈപ്പുഴ, തുമ്പമൺ താഴം, ഞെട്ടൂർ, പന്തളം നഗരസഭയിലെ തോന്നല്ലൂർ, മങ്ങാരം, മുളമ്പുഴ, തോട്ടക്കോണം, മുടിയൂർക്കോണം എന്നീ പ്രദേശങ്ങളിലെല്ലാം വർഷങ്ങളായി തീരമിടിച്ചിൽ പതിവാണ്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ അടിവാരത്തുള്ള ദുർബലമായ മണ്ണ് ഒലിച്ചുപോകുന്നതാണ് ഇതിന് കാരണം. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച സംരക്ഷണ ഭിത്തികൾ പോലും ഇത്തവണ പ്രളയജലത്തിൽ അടർന്നുപോയി. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീണ വലിയ ഫലവൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും ഇപ്പോഴും ആറ്റിൽത്തന്നെ കിടക്കുകയാണ്.
വീടുകൾക്ക് പുറമേ പ്രദേശത്തെ കുളിക്കടവുകളും ക്ഷേത്രക്കടവുകളും അപകടാവസ്ഥയിലാണ്. മുൻപ് റിവർ മാനേജ്മെന്റ്, ജലസേചന വകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തികൾ കെട്ടിയിരുന്നെങ്കിലും ഇപ്പോൾ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തീരം കരിങ്കൽകെട്ടി സംരക്ഷിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇവിടുത്തുകാർ. അടിയന്തരമായി തീരസംരക്ഷണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിനാകും പ്രദേശം സാക്ഷ്യം വഹിക്കുക.
Tags : Nattuvishesham District News Achankovilar Pantala are threat