ഓണാഘോഷത്തോടനുബന്ധിച്ച് ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച മാനവമൈത്രി ഘോഷയാത്രയില്‍ അണിനിരന്ന മാവേലിയും കഥകളി വേഷങ്ങളും.
ചങ്ങനാശേരി: കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതി ഓണത്തോടനുബന്ധിച്ച് ചങ്ങനാശേരി നഗരത്തില്‍ നടന്ന മാനവമൈത്രി ഘോഷയാത്ര ഒരുമയുടെ സന്ദേശമായി. റേഡിയോ മീഡിയാ വില്ലേജിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി നഗരസഭയുടെയും പായിപ്പാട്, മാടപ്പള്ളി, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചങ്ങനാശേരിയിലെ ഓണാഘോഷങ്ങള്‍ക്ക് ഘോഷയാത്രയോടെ തുടക്കമായി.
മാവേലിയും, കഥകളിയും ചെണ്ടവാദ്യമേളങ്ങളും തെയ്യവും കാവടികളും നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ ഘോഷയാത്ര മികവുറ്റതായി. സിഡിഎസ്, കുടുംബശ്രീ അംഗങ്ങള്‍ മത്സരബുദ്ധിയോടെയാണ് ഓണവേഷങ്ങളണിഞ്ഞ് ഘോഷയാത്രയില്‍ അണിചേര്‍ന്നത്.
മീഡിയാ വില്ലേജില്‍നിന്നും ആരംഭിച്ച ഘോഷയാത്ര ഡിവൈഎസ്പി എസ്. ആഷാദ് ഫ്ളാഗ് ഓഫ് ചെയ്തു. മീഡിയ വില്ലേജ്, എസ്എച്ച് സ്കൂള്‍, മോര്‍ക്കുളങ്ങര എകെഎം എന്നിവിടങ്ങളില്നിന്നുമാരംഭിച്ച ഘോഷയാത്രകള്‍ റെയിൽവെ ബൈപാസ് ജംഗ്ഷനില്‍ സംഗമിച്ച് സെന്‍ടല്‍ ജംഗ്ഷന് വഴി പെരുന്ന സ്റ്റാന്റിൽ സമാപിച്ചു.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എസ്.ആഷാദ്, ചലച്ചിത്രതാരം സ്മിനു സിജോ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതൂര്‍പ്പള്ളി ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വീണ സി. ദിലീപ്, സുനിമോള്‍ ചാക്കോ, മോട്ടി മുല്ലശേരി, സുനിലാ പ്രസന്നന്, എം.എന്‍. മുരളീധരന് നായര്‍, ഭാരവാഹികളായ ഫാ. ലിപിന്‍ തുണ്ടുകളം, ഫെര്‍ണാണ്ടോ ഹീറോ എം.ഡി തോമസ് മാത്യു, ബിനീഷ് അബ്ദുള്‍ ഖാദര്‍ സ്വപ്ന ജ്വല്ലറി, ഷിയാസ് സമ്രാസ് സോളാര്‍ എനര്‍ജി, ജോസുകുട്ടി കൂട്ടംപേരൂര്‍, ജോബി തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള മെഗാ അത്തപ്പൂക്കള മത്സരം ഇന്ന് ഫാത്തിമാപുരം എസ്എച്ച് സ്കൂളില്‍ നടക്കും.
Tags : Nattuvishesham District News One in one 2026 Manava Maitri Ghoshyatra