അഭിജിത് ദീപ്കെ
ലാത്തൂർ(മഹാരാഷ്ട്ര): അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് അധ്യാപകരെ ചോദ്യം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജിത് ദീപ്കെയ്ക്കെതിരേ പോലീസ് കേസെടുത്തു. കൂടെയുണ്ടായിരുന്ന അജയ് ഷിൻഡെ, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർ എന്നിവർക്കെതിരേയും കേസെടുത്തു.
കഴിഞ്ഞ 20ന് ലാത്തൂർ ജില്ലയിലെ ഉർദ്ധ് ഔസയിലുള്ള ജില്ലാ പരിഷത്ത് സ്കൂളിലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിലെ 53കാരനായ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഔസ പോലീസ് ഇന്നലെ കേസെടുത്തത്.
അനുമതിയില്ലാതെ സ്കൂളിനുള്ളിൽ കയറിയ സംഘം ക്ലാസ് മുറികളിൽ കുട്ടികൾക്കിടയിൽ ഇരുന്ന് പഠനത്തെക്കുറിച്ചും സർക്കാർ ജോലികളെക്കുറിച്ചും ചോദിച്ച് ക്ലാസുകളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണു പ്രധാന പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മറ്റു സ്കൂളുകളിലെ കുട്ടികളെ കൊണ്ടുവന്നിരുത്തിയാണ് ക്ലാസ് നടത്തുന്നതെന്ന് ആരോപിച്ച് സ്കൂളിനെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
ചോദ്യം ചെയ്ത അധ്യാപകനോട് അപമര്യാദയായി സംസാരിക്കുകയും സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തിൽ അഭിജിത് ദീപ്കെ ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’പ്രചാരണത്തിന്റെ ഭാഗമായാണ് ഇവർ സ്കൂളിലെത്തിയത്.
Tags : CaseFiled CockroachLeader Abhijit ThreateningTeacher Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash