ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ, ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ടു മത്സര പരമ്പരയിലെ അവസാന മത്സരത്തിനാണ് ഇന്ന് കൊളംബോയില്‍ തുടക്കമാകുന്നത്; ടീം ഇന്ത്യക്കു ലങ്കയിൽ ഓണപ്പരീക്ഷ. ആദ്യ മത്സരത്തില്‍ 165 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം, ഇന്ത്യക്കെതിരേ 2008നുശേഷം ശ്രീലങ്കയ്ക്കു പരമ്പര ജയം നേടാനായിട്ടില്ല.
ഇന്ത്യക്കു പുറമേ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ വമ്പന്‍ ടീമുകള്‍ക്കെതിരേയും ശ്രീലങ്ക ഒരു പരമ്പര നേടിയിട്ടു പത്ത് വര്‍ഷം പിന്നിട്ടു. ഈ നാണക്കേടുകള്‍ അവസാനിപ്പിക്കുന്നതിനൊപ്പം പരമ്പരയില്‍ ഒപ്പമെത്താനും ഒരു ജയം തേടിയാണ് ലങ്ക ഇറങ്ങുന്നത്.
സ്പിന്നിനെ തുണയ്ക്കുന്ന സ്വന്തംനാട്ടിലെ പിച്ചില്‍ എതിര് ടീമിലെ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ഒരു കളിക്കാരന്റെ അഭാവം ലങ്കന്‍ സംഘത്തിനുണ്ട്. മുത്തയ്യ മുരളീധരനുശേഷം രംഗണ ഹെറാത്തായിരുന്നു ലങ്കയ്ക്കു സ്വന്തം നാട്ടില്‍ മുന്‍തൂക്കം നല്കിയ അവസാന സ്പിന്നര്‍.
ഇന്ത്യക്കെതിരേ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ, അരങ്ങേറ്റക്കാരനായ കേശര നുവാന്ത എന്നീ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ മാനവ് സുതാര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് സ്പിന്‍ ത്രയം നടത്തിയത്.
സ്വന്തം മണ്ണില്‍ സമാനമായ സാഹചര്യങ്ങളില്‍ നടന്ന കഴിഞ്ഞ മൂന്ന് പരമ്പരകളില്‍ രണ്ടെണ്ണത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് ശ്രീലങ്കയ്ക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ സജീവമായി. രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്റ് 57.58 ശതമാനം ആകും.
കാലാവസ്ഥ അനുകൂലം
ഗാലെയില്‍ മഴയായിരുന്നെങ്കില്‍ കൊളംബോയില്‍ സമ്മിശ്ര കാലാവസ്ഥയാണ്. വെള്ളിയാഴ്ച ആദ്യ പരിശീലന സെഷനില്‍ 30 ഡിഗ്രി സെല്‍ഷസില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിയര്‍ത്തൊഴുകി. മഴയുടെ പ്രശ്നം ഗാലെയെ അപേക്ഷിച്ച് കുറവായിരിക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നെറ്റ്സില്‍ കൂടുതല്‍ നേരം ചിലവിട്ടു. ഇടംകൈ സ്പിന്‍ ഓപ്ഷനുകളായിരുന്നു ശുഭ്മാന്‍ ഗില്‍ കൂടുതലും നേരിട്ടത്. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഇടംകൈയന്‍ സ്പിന്നറായ പ്രഭാത് ജയസൂര്യയുടെ പന്തില്‍ ഗില്‍ പുറത്തായിരുന്നു.
ഓഫ് സ്പിന്നര്‍ സാരന്‍ഷ് ജെയില്‍ തുടര്‍ച്ചയായി പന്ത് എറിഞ്ഞു. രണ്ടാം ടെസ്റ്റില്‍ സാരന്‍ഷ് കളിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവിനു പുറത്തിരിക്കേണ്ടിവന്നേക്കും. ഗാലെയില്‍ കുല്‍ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.
ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനിത് 31-ാം ടെസ്റ്റ്. 31 ടെസ്റ്റും വ്യത്യസ്ത മൈതാനങ്ങളിലായിരുന്നു എന്നതാണ് ശ്രദ്ധേയം. 2015ലാണ് ശ്രീലങ്ക അവസാനമായി ഇന്ത്യക്കെതിരേ ഒരു ടെസ്റ്റ് ജയിച്ചത്.
Tags : India SriLanka 2ndTest Cricket Sports