ഇൻക്ലൂസിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ ന്യൂറോ ഡൈവർജന്റായവർക്ക് നടത്തുന്ന ഐടി പരിശീലനം സമാപിച്ചു.
വിവിധ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കുന്നതിനായി എട്ടു ജില്ലകളിലെ 10 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച 10 മാസത്തെ പരിശീലനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. അഞ്ചാമതു ബാച്ചിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 58 പേർക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ നൽകി. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷയായിരുന്നു. ഭിന്നശേഷിക്കാരോട് ഒപ്പം നടക്കാനും അവരെ ഒപ്പം നടത്താനും സമൂഹത്തെ ബോധവത്കരിക്കാൻ സഹൃദയ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് അവർ പറഞ്ഞു.
ഇൻക്ലൂസിസ് ചീഫ് ഡിജിറ്റൽ അഡ്വൈസർ റോബിൻ ടോമി മുഖ്യപ്രഭാഷണം നടത്തി. സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, ജോയിന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, കൗൺസിലർ ദിവ്യ രാജേഷ്, സെല്ലിസ് എച്ച് ആർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കുര്യൻ, ഡിസെബിലിറ്റി പ്രഫഷണൽ ധന്യ രവി എന്നിവർ സംസാരിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പദ്ധതിവഴി നൽകിയ പരിശീലനത്തിലൂടെ 90 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാൻ കഴിഞ്ഞെന്ന് സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ അറിയിച്ചു.
Tags : NattuVishesham DistrictNews