തങ്കച്ചൻ
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലെ രണ്ടാം പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലാ കുറിഞ്ഞി കോഡൂര്‍ തങ്കച്ചനാണ് (60) തൂങ്ങി മരിച്ചത്. കുറിഞ്ഞിയിലുള്ള വീട്ടില്‍ ഇന്നലെ രാവിലെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കുമാരമംഗലം പീഡനക്കേസിലാണ് തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണ പൂര്‍ത്തിയായ കേസില്‍ 31ന് വിധി പറയാനിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 27ന് വിധി പറയാന്‍ നിശ്ചയിച്ചിരുന്നെങ്കിലും തങ്കച്ചന് കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കേസ് 31ലേക്ക് മാറ്റുകയായിരുന്നു. തുടര്‍ച്ചയായി മൂന്നു തവണ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ തങ്കച്ചന് പിന്നീട് പുറത്തേക്ക് പോയെന്നും രാവിലെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് രാമപുരം പോലീസ് പറഞ്ഞു. കേസില്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം പാലാ ഗവ.ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കുമാരമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിലെത്തിച്ച് സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്. കുമാരമംഗലം സ്വദേശി മംഗലത്ത് രഘു എന്ന ബേബിയാണ് കേസിലെ ഒന്നാം പ്രതി. മൂന്നാം പ്രതിയായ പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതായാണ് പ്രോസിക്യൂഷന് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 28 കേസുകളിലായി 25ഓളം പ്രതികളുണ്ട്. ഓരോ കേസിലും പ്രത്യേകം കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് കേസുകളില്‍ പ്രതികളെ ശിക്ഷിച്ചിരുന്നു.
Tags : NattuVishesham DistrictNews