രണ്ടുവർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത കാരാക്കോട് പാലവും അപ്രോച്ച് റോഡുകളും.
എണ്ണപ്പാറ: കാരാക്കോട് ചാലിനു കുറുകെ 3.68 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണപ്രവൃത്തികൾ ഇഴയുന്നു. പാലത്തിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായെങ്കിലും കൈവരികളുടെയും ഇരുവശങ്ങളിലെയും അപ്രോച്ച് റോഡുകളുടെയും പണി ബാക്കിയാണ്.
പാലത്തിന്റെ ഇരുവശങ്ങളിലും മണ്ണിട്ടുയർത്തി നിർമിച്ച താത്കാലിക റോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ പാലത്തിലേക്കു കയറുന്നത്. ഭാരവാഹനങ്ങൾക്ക് ഇതുവഴി കയറാൻ പ്രയാസമാണ്. മഴ കനക്കുന്നതോടെ ഈ താത്കാലിക റോഡ് ചെളിക്കുളമായി മാറുമെന്നും ആശങ്കയുണ്ട്.
2024 മാർച്ചിലാണ് അന്നത്തെ പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണപ്രവൃത്തികൾ ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ സാമാന്യം വേഗതയിൽ മുന്നോട്ടുനീങ്ങിയ പ്രവൃത്തികൾ ക്രമേണ മന്ദഗതിയിലാവുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തോളമായി പണി പൂർണമായും നിലച്ച നിലയിലാണ്. നിർമാണം പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞതോടെ കരാറുകാരന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. തൊഴിലാളികളെ കിട്ടാത്തതാണ് പ്രശ്നമായതെന്നാണ് കരാറുകാരൻ പറയുന്നത്. മഴ മാറാതെ ഇനി പണി തുടങ്ങാനും കഴിയാത്ത നിലയാണ്.
1974ൽ നിർമിച്ച ചെക്ക്ഡാം കം ബ്രിഡ്ജിനു പകരമായാണ് വീതിയുള്ള പുതിയ പാലം നിർമിക്കുന്നത്. ഇവിടെ പുതിയ പാലവും റോഡും വരുന്നതോടെ എണ്ണപ്പാറ, പേരിയ, ആനക്കുഴി, കാലിച്ചാനടുക്കം പ്രദേശങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും.
Tags : Nattuvishesham District news