പ്രതീകാത്മക ചിത്രം
ഇടുക്കി: കര്‍ക്കടക വാവിനോടനുബന്ധിച്ച് അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എഡിഎം മിനി കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് വാവുബലി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനും തര്‍പ്പണത്തിനുമായി എത്താറുള്ളത്. നദിയില്‍ നീരൊഴുക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ അപകടസാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് പരിശോധന നടത്തി ഒഴുക്ക് കുറഞ്ഞ സുരക്ഷിത മേഖലകള്‍ മുന്‍കൂട്ടി അടയാളപ്പെടുത്തും.
ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ദ്രവിച്ചുനില്‍ക്കുന്ന മരത്തിന്റെ അപകടാവസ്ഥ നേരിട്ടു പരിശോധിച്ച് ദുരന്തനിവാരണ വിഭാഗത്തിലേക്ക് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് എഡിഎം കട്ടപ്പന ഡിവൈഎസ്പിക്കു നിര്‍ദേശം നല്കി. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 50 പോലീസുകാരെ നിയോഗിക്കും.
തൂക്കുപാലത്തിലൂടെ ആളുകളെ കൂട്ടത്തോടെ കയറ്റിവിടാതെ നിയന്ത്രണമേര്‍പ്പെടുത്തും. പുഴയില്‍ ഒഴുക്ക് കൂടിയാല്‍ പകരം സുരക്ഷിത ബലിതര്‍പ്പണ സൗകര്യം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഒരുക്കാനും തീരുമാനിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Vavu Bali