പ്രതീകാത്മക ചിത്രം
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഓണാവധിക്കുശേഷമുള്ള സിറ്റിംഗിലേക്ക് നീളാൻ സാധ്യത.
ആഴ്ചയിൽ ശനി, തിങ്കൾ ദിവസങ്ങളിലാണ് ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ സിറ്റിംഗ് നടക്കാറുള്ളത്. എന്നാൽ, ഇന്ന് പൊതു അവധിയായതിനാലും തുടർന്ന് ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകൾ ഉള്ളതിനാലും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഓണത്തിനുശേഷമുള്ള സിറ്റിംഗിലേക്ക് മാറ്റാനാണ് സാധ്യത.
ബോർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പോലീസിന് തുടർ തെളിവെടുപ്പ് സാധ്യമാകൂ. നിലവിൽ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെയും ആൺകുട്ടികളെയും ഒബ്സർവേഷൻ ഹോമുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ബോർഡിൽനിന്ന് കസ്റ്റഡി അനുമതി ലഭിക്കുകയാണെങ്കിൽ ഇവരെ കരുവാറ്റയിലെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം നടന്ന രീതി പുനഃസൃഷ്ടിച്ച് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. കുട്ടികളായതിനാൽ നിയമപരമായ കർശന ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തെളിവെടുപ്പ് നടപടികൾ.
കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന പോലീസിന്റെ ആവശ്യത്തിൽ ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പിന്നീട് അന്തിമ തീരുമാനമെടുക്കുക.
ശാസ്ത്രീയ ലാബ് പരിശോധനാ ഫലങ്ങൾ കൂടി ലഭ്യമാകുന്നതോടെ കേസിൽ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
Tags : NattuVishesham DistricteNews