കോൺഗ്രസ് മേഖലാ കമ്മിറ്റി വിഴിക്കിത്തോട്ടിൽ നിർമാണം പൂർത്തീകരിച്ച കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: ആചാരലംഘനങ്ങളിലൂടെയും സ്വർണപ്പാളി മോഷണത്തിലൂടെയും പരിപാവനമായ ശബരിമലയുടെ പവിത്രതയെ തകർക്കാൻ ശ്രമിച്ച ഇടതുപക്ഷ സർക്കാരിന് കേരളത്തിലെ ജനങ്ങൾ മാപ്പുനൽകില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും അച്ചടക്കസമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോൺഗ്രസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച പി.എസ്. ചന്ദ്രശേഖരൻ നായർ സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ് കേരളമെന്ന പ്രഖ്യാപനം വസ്തുതകൾ മറച്ചുവച്ചുള്ള പുതിയ തട്ടിപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും തകർത്ത ഇടതു സർക്കാരിനെതിരായ ജനവിധിയാവും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം തോമസ് കല്ലാടൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, സുനിൽ തേനമ്മാക്കൽ, മണ്ഡലം ഭാരവാഹികളായ കെ.ആർ. രവീന്ദ്രനാഥ്, റോയി തോമസ്, ബെന്നി തച്ചിലേട്ട്, എ.കെ. വിജയകുമാർ, എൻ.എം. ആഗസ്തി, പി.കെ. ബെന്നി, എം.ജി. സാബു, സാബു കാളാന്തറ, രാജേന്ദ്രൻ തെക്കേമുറി, സിബി വട്ടുകുളം, റോസമ്മ ആഗസ്തി, രാജേഷ് പാലച്ചുവട്ടിൽ എന്നിവർ പ്രസംഗിച്ചു.