വാട്ടർടാങ്ക് പൊളിക്കുന്നതിനിടെ തകർന്ന ഇലക്ട്രിക് ലൈനുകൾ അറ്റകുറ്റപ്പണി നടത്തുന്നു.
കൊല്ലങ്കോട്: കുരുവിക്കൂട്ടുമരം പ്രധാനപാതയ്ക്കരികിലെ കൂറ്റൻ വാട്ടർടാങ്ക് പൊളിച്ചു മാറ്റുന്നതിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളിൽ ഇടപെട്ടുതുടങ്ങിയതായി അധികൃതർ. സമീപത്തെ വീട്ടിലും, വില്ലേജ് ഓഫീസ് ചുറ്റുമതിലും കേടുപാടുകളുണ്ടായതിൽ അറ്റകുറ്റപ്പണി തുടങ്ങിയതായി നെന്മാറ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
ജലസംഭരണി വീണ കോൺഗ്രീറ്റ് അവശിഷ്ടങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ നീക്കിയിട്ടുണ്ട് . പത്തുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വൻകിട പുതിയ ജലസംഭരണിക്കാണ് സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഒന്നരക്കോടിരൂപ ചെലവിനാണ് എസ്റ്റിമേറ്റ് നൽകിയിരിക്കുന്നത്. മുൻപുണ്ടായിരുന്ന വാട്ടർടാങ്ക് എഴുലക്ഷം ലിറ്റർ സംഭരണ ശേഷി മാത്രമാണുള്ളത്.
പുതിയ ടാങ്ക് നിർമാണം പൂർത്തിയാവുന്നതോടെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് മുഴുവൻപ്രദേശങ്ങളിലുള്ളവർക്ക് പൂർണതോതിൽ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുമെന്നും അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഞായർ വൈകുന്നേരം അഞ്ചിനാണ് വാട്ടർടാങ്ക് പൊളിക്കാൻ തുടങ്ങിയത്. പൊളിക്കൽ ക്രമീകരണങ്ങൾ പാളിയതു മൂലം വാട്ടർടാങ്ക് ഒന്നാകെ നിലംപൊത്തിയിരുന്നു. സമീപവാസിയായ തങ്കത്തിന്റെ വീടിന്റെ ഒരുഭാഗവും വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലും പ്രവേശനകവാടവും തകരുകയായിരുന്നു.
Tags : Nattuvishesham Districtnews water tank