നെടുംപോയിലെ ജനവാസ മേഖലയിലേക്ക് കടക്കുന്ന കുരങ്ങന്മാർ.
കേളകം: മലയോര മേഖലയിൽ കുരങ്ങുശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത ദുരിതത്തിൽ. കൂട്ടമായെത്തുന്ന കുരങ്ങുകൾ കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വിതയ്ക്കുകയാണ്. തെങ്ങു കളിൽ കയറി മൂപ്പെത്താത്ത തേങ്ങകൾ വരെ വലിച്ചുപറിച്ച് നശിപ്പിക്കുന്നതിനാൽ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവരുന്നത്.
വനമേഖലകളിൽ നിന്ന് കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കെത്തുന്ന കുരങ്ങുകൾ തെങ്ങ്, കമുക്, വാഴ, കൊക്കോ തുടങ്ങിയ വിളകളാണ് പ്രധാനമായും നശിപ്പിക്കുന്നത്. പാകമാകാത്ത കായ്കളും പഴങ്ങളും നശിപ്പിക്കുന്നതിനൊപ്പം കൃഷിയിടങ്ങളിൽ മണിക്കൂറുകളോളം തമ്പടിക്കുന്നതും പതിവായിട്ടുണ്ട്. പലപ്പോഴും രാത്രികാലത്തും കുരങ്ങുകൾ കൃഷിയിടങ്ങളിൽ തുടരുന്നതായി കർഷകർ പറയുന്നു.
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കുരങ്ങുകളുടെ ആക്രമണം കർഷകർക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്. സ്വന്തം ആവശ്യത്തിനുപോലും ആവശ്യ മായ തേങ്ങ ലഭിക്കാത്ത അവസ്ഥയിലേക്ക് പല കർഷക കുടുംബങ്ങളും എത്തിയിട്ടുണ്ട്. വർഷം മുഴുവൻ അധ്വാനിച്ച് പരിപാലിക്കുന്ന കൃഷിയിൽ നിന്നുള്ള വരുമാനം കുരങ്ങുകളുടെ ആക്രമണ ത്തിൽ നഷ്ടപ്പെടുന്നതായും കർഷകർ പറയുന്നു.
കേളകം, കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, കോളയാട്, കണ്ണവം, ആറളം തുടങ്ങിയ പഞ്ചായത്തു കളിലെ നിരവധി കർഷകരാണ് കുരങ്ങുശല്യത്തിന്റെ ദുരിതം അനുഭവിക്കുന്നത്. ആറളം കാർഷിക ഫാമിലും കുരങ്ങുകളുടെ കൂട്ടം കൃഷിനാശം വരുത്തുന്നതായി പരാതിയുണ്ട്.
കുരങ്ങുകളെ തുരത്തുന്നതിനും കൃഷിനാശം തടയുന്നതിനും അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദ മായ നടപടികളില്ലെന്നാണ് കർഷകരുടെ പരാതി. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളും കാര്യക്ഷമമല്ലെന്ന് അവർ പറയുന്നു.
കൃഷിയിടങ്ങളിൽ കുരങ്ങുകളുടെ ആക്രമണം തുടർച്ചയായതോടെ മലയോര മേഖലയിൽ കർഷകരുടെ ഉപജീവനത്തിന് തന്നെ ഭീഷണിയായിരിക്കുകയാണ്. കുരങ്ങുശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വനം, കൃഷി വകുപ്പുകൾ ഏകോപിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷിനാശത്തിന്റെ കൃത്യമായ കണക്ക് ശേഖരിച്ച് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കുരങ്ങുശല്യത്തിന്റെ കെടുതികളിൽ നിന്ന് മോചനം തേടുകയാണ് മലയോര കർഷകർ. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : NattuVishesham DistrictNews