മീൻവല്ലം സ്പ്രിംഗ് ഷെഡ് പദ്ധതിയുടെ പ്രവർത്തനം നബാർഡ് ഉന്നതതല സംഘം പരിശോധിക്കുന്നു.
കരിന്പ: കരിന്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കർ പ്രദേശത്ത് പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ (പിഎസ്എസ്പി) നേതൃത്വത്തിൽ നടപ്പിലാക്കുന്ന നബാർഡ് മീൻവല്ലം സ്പ്രിംഗ് ഷെഡ് പദ്ധതിയുടെ ഭാഗമായി നബാർഡ് തിരുവനന്തപുരം റീജണൽ ഓഫീസിൽനിന്നുള്ള ഉന്നതതല സംഘം സന്ദർശനം നടത്തി.
നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡിനി എസ്. പണിക്കർ, പ്രോജക്ട് കണ്‍സൾട്ടന്റ് ബാലാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ വിവിധ നിർമാണ സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തി ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ് രേഖകളുടെയും രജിസ്റ്ററുകളുടെയും പരിശോധനയും പൂർത്തിയാക്കി. ഉച്ചയ്ക്ക്ശേഷം ചേർന്ന മീൻവല്ലം സ്പ്രിംഗ് ഷെഡ് ഗ്രാമീണ നീർത്തട സമിതി യോഗത്തിൽ പദ്ധതിയുടെ നിലവിലെ പുരോഗതി വിലയിരുത്തി.
പദ്ധതിയുടെ തുടർപരിപാലനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനാവശ്യമായ പ്രധാന നിർദേശങ്ങളും ഉദ്യോഗസ്ഥർ നൽകി.
യോഗത്തിൽ പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ, കരിന്പ ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ തങ്കച്ചൻ, നീർത്തടസമിതി അംഗങ്ങൾ, പിഎസ്എസ്പി പദ്ധതി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews