തലശേരി-ബാവലി അന്തർസംസ്ഥാന പാതയോരത്ത് 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം നിർമിക്കുന്ന ശുചിത്വ പാർക്കിന്റെ പണി പാതിവഴിയിൽ നിലച്ചനിലയിൽ.
കണിച്ചാർ: തലശേരി-ബാവലി അന്തർസംസ്ഥാന പാതയോരത്ത് 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം പേരാവൂർ ബ്ലോക്ക് പഞ്ചായത്തും കണിച്ചാർ പഞ്ചായത്തും സംയുക്തമായി നടപ്പാക്കാൻ ലക്ഷ്യമിട്ട ശുചിത്വ പാർക്ക് നിർമാണം അനിശ്ചിതത്വത്തിൽ. ലക്ഷങ്ങൾ ചെലവിട്ട് പദ്ധതി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും കണിച്ചാർ പഞ്ചായത്തിന്റെ 50,000 രൂപയും ഉൾപ്പെടെ 10.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയായിരുന്നു പാർക്ക് പദ്ധതി ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥലത്ത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ശുചിത്വ പാർക്ക് വിഭാവനം ചെയ്തത്. ആർച്ച് മാതൃകയിലുള്ള രണ്ട് പാലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ഫോട്ടോ പോയിന്റുകൾ, പൂന്തോട്ടം, ഇന്റർലോക്ക് പാകിയ നടപ്പാതകൾ എന്നിവയടക്കം ആകർഷകമായ രീതിയിലായിരുന്നു പ്ലാൻ. ഭാവിയിൽ സന്ദർശകരിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കി പഞ്ചായത്തിന് വരുമാനം കണ്ടെത്താനും അന്തർസംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് വിശ്രമവേളകൾ ചെലവഴിക്കാനും പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. നിർമാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒരു വശത്ത് ചെറിയൊരു കോൺക്രീറ്റ് മതിലും സംരക്ഷണ ഭിത്തിയും നിർമിച്ചതിൽ പണി നിശ്ചലമായി.
അനുവദിച്ച ഫണ്ട് പൂർണമായും തീർന്നെന്നും ഇനി കൂടുതൽ തുക വകയിരുത്തിയാൽ മാത്രമേ തുടർപ്രവർത്തികൾ സാധ്യമാകൂ എന്നുമാണ് അധികൃതരും കരാറുകാരനും പറയുന്നത്. കൃത്യമായ ആസൂത്രണമില്ലായ്മയും കരാറുകാരന്റെ അനാസ്ഥയുമാണ് പദ്ധതി പാളാൻ കാരണമെന്നും മുൻ പഞ്ചായത്തംഗം ജിമ്മി ഏബ്രഹാം ആരോപിച്ചു. പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള നിർമാണ സാമഗ്രികളും പ്രദേശവും ഇപ്പോൾ കാടുമൂടി നശിക്കുകയാണ്.
Tags : NattuVishesham DistrictNews