സംസ്ഥാനപാത വള്ളിയോട്ടിൽ പുതിയ കൾവർട്ടിനടുത്തുള്ള അപകടക്കുഴികൾ.
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാന പാതയിൽ വള്ളിയോട് തേവർകാട് കൺവെൻഷൻ സെന്ററിനു സമീപത്തെ കൾവർട്ട് പണി കഴിഞ്ഞപ്പോൾ ഗോവിന്ദാപുരം ഭാഗത്തേക്കുള്ള റോഡിൽ കുഴി പ്രളയമായി.
കൽവർട്ട് പണിക്കായി രണ്ടുമാസത്തോളം വാഹനങ്ങൾ ഒറ്റവരിയായി വിട്ട് ബുദ്ധിമുട്ടിച്ചതിനുപിന്നാലെയാണ് ഇപ്പോൾ കൾവർട്ടിനോടുചേർന്ന കുഴികൾ മൂടാതെ പൊതുമരാമത്ത് വകുപ്പ് വാഹനയാത്രികരെ വലയ്ക്കുന്നത്.
പുതിയ കലുങ്കിന്റെ ഇരുവശവും ടാർ ചെയ്യാനുള്ള നടപടികളും കലുങ്ക് നിർമാണത്തോടൊപ്പം കരാറുകാരനെ ഏൽപിച്ചതാണ്.
എന്നാൽ കലുങ്ക് നിർമാണം കഴിഞ്ഞ് ഒരുമാസമായിട്ടും റോഡ് ടാർ ചെയ്യാനോ നിലവിലെ അപകടക്കുഴികൾ നികത്താനോ കരാറുകാരനും തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
രാത്രികാലങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ കുഴികളിൽ അപകടത്തിൽപ്പെടുന്നത്. റോഡിലെ അപകടക്കുഴിയെക്കുറിച്ച് പൊതുമരാമത്ത് അധികൃതരോ പൊലിസോ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതും അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ട്.
Tags : NattuVishesham DistrictNews